ലോകസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്ന് സിപിഎംകേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുക.
സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടി പദവി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക? സൈക്കിള്‍ വരെയുള്ള ചിഹ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുക. അതിലേക്ക് എത്തരുതെന്നും എ.കെ. ബാലന്‍ താക്കീത് ചെയ്തു.
ചതിയന്‍മാരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ആരോപിച്ചു. പത്മജ പോയിട്ട് എന്തെല്ലാമാണ് പറയുന്നത്. കോണ്‍ഗ്രസ് എന്ന് പറയാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളത്. പാര്‍ട്ടിയുടെ മയ്യത്ത് ആയിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് എകെ ബാലന്‍ പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നിലനിര്‍ത്താനുള്ള വാട്ടര്‍ലൂ പോരാട്ടമാണ്. മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് സിപിഎം പുറത്തുപോകും. ഇതോടെ സ്വന്തം ചിഹ്നമെന്ന പദവി സിപിഎമ്മിന് നഷ്ടമാകും. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികസമയം നല്‍കിയ കാരുണ്യത്തിലാണ് സിപിഎമ്മിന്റെ ദേശീയപാര്‍ട്ടിപദവി നഷ്ടമാകാതെ നില്‍ക്കുന്നത്.
രാജ്യത്തെ നാലുസംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടി അംഗീകാരം ഒരു സംസ്ഥാനത്ത് പോള്‍ചെയ്ത വോട്ടില്‍ ആറുശതമാനം വിഹിതം, 25 എംഎല്‍എ മാര്‍ക്ക് ഒരു പാര്‍ലമെന്റ് അംഗം, ഈ രണ്ടിലേതെങ്കിലും ഒന്ന് നേടാനായാല്‍ സംസ്ഥാനപാര്‍ട്ടി പദവി നേടാം. കേരളം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളില്‍ സിപിഎമ്മിന് സംസ്ഥാനപാര്‍ട്ടി പദവിക്കുള്ള മാനദണ്ഡം പാലിക്കാനാകും. ത്രിപുരയില്‍ വോട്ടുവിഹിതവും തമിഴ്നാട്ടില്‍ എംപിസ്ഥാനവും ഉള്ളതുകൊണ്ടാണിത്. മറ്റേതെങ്കിലും സംസ്ഥാനത്തുകൂടി ഈ നേട്ടം സ്വന്തമാക്കണം.
മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 എംപിമാരെ കിട്ടാന്‍ കേരളത്തില്‍നിന്ന് സിപിഎമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും കിട്ടണം. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ രണ്ടുസീറ്റിലാണ് മത്സരിക്കുന്നത്. 2019ല്‍ ഇതേ സഖ്യത്തില്‍ മത്സരിച്ച രണ്ടുസീറ്റിലും ജയിച്ചിരുന്നു. മൂന്നാമതൊരു സംസ്ഥാനത്തെ വിജയം ഇന്ത്യസഖ്യത്തിന്റെ പരിഗണന അനുസരിച്ചിരിക്കും. രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്ന് ഒരു സീറ്റ് സിപിഎം ജയിച്ച് കയറണം.