ഇറാനിലെ ഇരട്ട സ്‌ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു; 170ലേറെ പേര്‍ക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

ഇറാനിലെ ഇരട്ട സ്‌ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. 170ലേറെ പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. കെര്‍മാന്‍ പ്രവിശ്യയിലുള്ള ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. സുലൈമാനിയുടെ നാലാം ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.

അതേസമയം മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഇറാനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ സ്‌ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ് നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്‌കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിന് പിന്നില്‍ പുതിയ ഗൂഢാലോചനയെന്ന് ഇറാന്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രാദേശിക സമയം വൈകുന്നേരം 3ന് ആണ് ആദ്യ സ്‌ഫോടനം നടന്നത്. തുടര്‍ന്ന് 13 മിനുട്ടുകള്‍ക്ക് ശേഷം ആയിരുന്നു രണ്ടാമത്തെ സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Read more

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2020 ജനുവരി 3ന് ആയിരുന്നു അന്നത്തെ ഇറാന്‍ സേന തലവനായിരുന്ന ഖാസിം സുലൈമാനി ബാഗ്ദാദ് വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടത്. ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനിയെ വധിച്ചത് തങ്ങളാണെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു.