ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടത് മുസ്ലിം കുടിയേറ്റത്തിന്റെ ഫലമാണെന്ന് പറഞ്ഞ
ഓസ്‌ട്രേലിയന്‍ തീവ്ര വലതുപക്ഷ സെനറ്ററെ പതിനേഴുകാരന്‍ മുട്ടകൊണ്ടെറിഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും വംശീയതയ്‌ക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്യൂന്‍സ്‌ലാന്‍ഡ് സെനറ്ററായ ഫ്രേസര്‍ ആനിംഗ് വംശീയ പരാമര്‍ശം നടത്തിയത്.
മാധ്യമങ്ങളോട് സംസാരിക്കവെ മൊബൈലില്‍ ഇയാളുടെ ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന 17 കാരനാണ് വംശീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇയാളുടെ തലയില്‍ മുട്ട എറിഞ്ഞത്. തുടര്‍ന്ന് ആനിംഗ് 17 കാരനെ മുഖത്ത് പലതവണ അടിക്കുന്നതും പിന്നീട് സുരക്ഷാ ജീവനക്കാര്‍ ഈ കൗമാരക്കാരനെ കയ്യേറ്റം ചെയ്യുന്നതും വൈറലായ വീഡിയോയില്‍ കാണാം.
രാജ്യത്തേക്കുള്ള മുസ്ലിം കുടിയേറ്റക്കാര്‍ വരുന്നതിന്റെ ഫലമാണ് ന്യൂസിലാന്‍ഡിലെ പള്ളിയില്‍ 49 പേര്‍ വെടിയേറ്റ് മരിച്ച സംഭവത്തെ കുറിച്ച് ആനിങ് പ്രതികരിച്ചത്. മെല്‍ബണിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം, രണ്ട് പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ ഒമ്പത് ഇന്ത്യന്‍ വംശജരെ കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാണാതായവരുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയെ ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുകയുള്ളു.
വെടിവെയ്പ്പ് നടത്തിയ വംശീയഭ്രാന്തന്‍ ബ്രെണ്ടന്‍ ടെറന്റിനെ പിടി കൂടിയിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍ സന്ദര്‍ശിച്ചു. ഹിജാബ് ധരിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്.