കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച 49 പേരിൽ 45 ഉം ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇതിൽ 23 പേർ മലയാളികളാണ്. മരിച്ചവരിൽ ഏറെയും പത്തനംതിട്ടയിൽനിന്നുള്ളവരാണ്. മരിച്ചവരുടെ പേര് നോർക്ക പ്രസിദ്ധീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുകയാണ്. ഇതിനായി വ്യോമസേന വിമാനം സജ്ജമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ദില്ലി എയർബേസിൽ തയാറാക്കിയത്. മൃതേദേഹങ്ങൾ ഈ വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുക.
നിര്‍ദേശം ലഭിച്ചാല്‍ ഉടൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഭൂരിഭാഗവും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.
രാവിലെ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവർ ചികിത്സയിലുള്ള അഞ്ച് ആശുപത്രികളിലും സന്ദർശനം നടത്തി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ യഹ്യയുമായും കൂടികാഴ്ച നടത്തി. മൃതദേഹങ്ങൾ വീണ്ടും നാട്ടിലെത്തിക്കാനും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും എല്ലാ സഹായങ്ങളും ഉറപ്പു നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു.
അതേസമയം കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് എന്‍ബിടിസി കമ്പനി അറിയിച്ചു. കമ്പനിയുടെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലേബര്‍ ക്യാംപിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് അപകടത്തില്‍പെട്ടവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനമായ എൻബിടിസി അറിയിച്ചു. മരിച്ചവരുടെ ആശ്രീതർക്ക് ജോലി, ഇൻഷുറൻസ് പരിരക്ഷ, മറ്റ് ആനൂകൂല്യങ്ങൾ എന്നിവയും ലഭ്യമാക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യയും കുവൈറ്റുമായി ചേർന്ന് ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു.
അതിനിടെ കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കുവൈറ്റ് അമീർ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടു. മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാനും അമീര്‍ നിർദ്ദേശം നൽകിയിരുന്നു. തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകും. സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക.