മൊറോക്കയിലെ മാരാകേഷില്‍ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 296 മരണം. 6.8 റിക്ടര്‍ സ്‌കെയില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഏറിയ പങ്കും ഔര്‍സാസേറ്റ്, മാരാകേഷ് സ്വദേശികളാണ്. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂകമ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ആഫ്രിക്കന്‍, യൂറേഷ്യന്‍ ഫലകങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മൊറോക്കയില്‍ വലുതും ചെറുതുമായ ഭൂകമ്പങ്ങള്‍ പതിവാണ്. രാജ്യം ദുരന്തനിവാരണത്തിനായി എല്ലാ സജീകരണങ്ങളും ചെയ്തുകഴിഞ്ഞുവെന്ന് ആഭ്യന്തരകാര്യ ജനറല്‍ സെക്രട്ടറി റാഷിദ് അല്‍ ഖല്‍ഫി പറഞ്ഞു. 2004ല്‍ മൊറോക്കയിലെ അല്‍ ഹൊസീമയില്‍ സംഭവിച്ച ഭൂചലനത്തില്‍ 628 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി. കൂടാതെ ഡല്‍ഹിയിലെ ജി 20 വേദിയിലും മോദി മൊറോക്കയില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചു. മൊറോക്കയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.