യുഎഇയിലെ അൽ-ഐനിൽ 3,000 വർഷം പഴക്കമുള്ള ഇരുമ്പുയുഗ ശ്മശാനം കണ്ടെത്തി

യുഎഇയിലെ ആദ്യത്തെ പ്രധാന ഇരുമ്പുയുഗ സെമിത്തേരി അൽ-ഐനിൽ കണ്ടെത്തി. കണ്ടെത്തൽ രാജ്യത്തിന്റെ പുരാതന പൈതൃകത്തിന്റെ നഷ്ടപ്പെട്ടുപോയ ഒരു അധ്യായത്തിലേക്ക് പുതിയ വെളിച്ചം വീശുന്നു. അബുദാബിയിലെ സാംസ്കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) കണ്ടെത്തിയ 3,000 വർഷം പഴക്കമുള്ള നെക്രോപോളിസിൽ നൂറിലധികം ശവകുടീരങ്ങളും നിരവധി ശവസംസ്കാര വസ്തുക്കളും അടങ്ങിയിരിക്കുന്നു. അവ ഇരുമ്പുയുഗത്തിലെ ജീവിതത്തെയും മരണത്തെയും കുറിച്ച് അഭൂതപൂർവമായ ഉൾക്കാഴ്ച നൽകുന്നു. നൂറിലധികം ശവകുടീരങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ള ഈ പുരാതന ശ്മശാനം, യുഎഇയുടെ ചരിത്രത്തിലെ അത്ര അറിയപ്പെടാത്ത ഒരു കാലഘട്ടത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്‌ച നൽകുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് പല ശവകുടീരങ്ങളും കൊള്ളയടിക്കപ്പെട്ടതാണെങ്കിലും, പുരാവസ്തു ഗവേഷകർ ഇവിടെ നിന്നും മനുഷ്യാവശിഷ്‌ടങ്ങൾ ആഭരണങ്ങൾ, മൺപാത്രങ്ങൾ, ആയുധങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്.

അൽ ഐനിലെ ഈ കണ്ടെത്തലുകൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ജീവിച്ചിരുന്ന ആളുകളുടെ ജീവിതം, വിശ്വാസങ്ങൾ, കരകൗശല വൈദഗ്ദ്ധ്യം, സാമൂഹികവും സാംസ്‌കാരികവുമായ ജീവിതം എന്നിവയിലേക്കുള്ള ഒരു നേർക്കാഴ്ച നൽകുന്നു. മനുഷ്യാവശിഷ്ട്‌ടങ്ങൾക്ക് മാന്യമായ പരിഗണന ഉറപ്പാക്കുന്നതിനായി, ഒരു ഓസ്റ്റിയോ ആർക്കിയോളജിസ്റ്റ് ഉൾപ്പെടെ ഫോറൻസിക് വിദഗ്‌ധരുടെ ഒരു സംഘം ഖനനത്തിൽ പങ്കുചേർന്നു. അവശിഷ്‌ടങ്ങൾ ദുർബലമാണെങ്കിലും ലബോറട്ടറി പരിശോധനകളിലൂടെ മരിച്ചയാളുടെ പ്രായം, ലിംഗഭേദം, ആരോഗ്യം എന്നിവ നിർണ്ണയിക്കാൻ സഹായിക്കും. ഡിഎൻഎ വിശകലനം കുടുംബബന്ധങ്ങളും കുടിയേറ്റ രീതികളും പോലും വെളിപ്പെടുത്തിയേക്കാം. നൂറ്റാണ്ടുകൾക്ക് മുമ്പ് ശവകുടീരങ്ങൾ കൊള്ളയടിക്കപ്പെട്ടെങ്കിലും, ഇവിടെ ചില ചെറിയ സ്വർണ്ണാഭരണങ്ങൾ അവശേഷിച്ചിട്ടുണ്ട്. ഒരുകാലത്ത് ശവകുടീരങ്ങളിൽ എന്തായിരിക്കാം ഉണ്ടായിരുന്നതെന്ന് സൂചന നൽകുന്നു.

Read more

അലങ്കരിച്ച മൺപാത്രങ്ങൾ, മൃദുവായ കല്ലുപാത്രങ്ങൾ, ചെമ്പിന്റെ ആയുധങ്ങൾ, ബീഡ് നെക്ലേസുകൾ, മോതിരങ്ങൾ, റേസറുകൾ, ഷെൽ കോസ്മെറ്റിക് പാത്രങ്ങൾ തുടങ്ങിയ വ്യക്തിഗത വസ്‌തുക്കൾ പോലുള്ള മനോഹരമായി നിർമ്മിച്ച വസ്‌തുക്കളും ഇവിടെ നിന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ചില ആയുധങ്ങളിൽ മരക്കമ്പുകളുടെയും ആവനാഴികളുടെയും അടയാളങ്ങൾ ഉണ്ടായിരുന്നു. പുരാതന യുഎഇയെ മനസ്സിലാക്കുന്നതിലെ ഒരു വഴിത്തിരിവാണ് ഈ കണ്ടെത്തലെന്ന് ഡിസിടി അബൂദബിയിലെ ചരിത്ര പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജാബിർ സാലിഹ് അൽ മെറി വിശേഷിപ്പിച്ചു. ‘വർഷങ്ങളായി, ഇരുമ്പുയുഗത്തിലെ ശവസംസ്‌കാര പാരമ്പര്യങ്ങൾ ഒരു നിഗൂഢതയായി തുടരുകയായിരുന്നു. എന്നാൽ 3,000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന ആളുകളുമായി നമ്മെ കൂടുതൽ അടുപ്പിക്കുന്ന വ്യക്തമായ തെളിവുകൾ ഇപ്പോൾ നമുടെ പക്കലുണ്ട്,’ അദ്ദേഹം പറഞ്ഞു.