സിറിയയിൽ 311 പേര്‍ക്ക് കൂട്ടവധശിക്ഷ നടപ്പിലാക്കിയതായി റിപ്പോർട്ട്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷർ അൽ അസദിന്റെ അനുയായികളായ 311 പൗരന്മാരെയാണ് സുരക്ഷാ സേന വധിച്ചത്. തീരദേശ ലതാകിയ പ്രവിശ്യയിൽ വച്ചാണ് കൂട്ടവധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ട്. അഹമ്മദ് അൽ-ഷറയുടെ സൈന്യമാണ് 311 അലവൈറ്റ് വിഭാഗക്കാരെ വധിച്ചത്.
അതേസമയം ഇക്കഴിഞ്ഞ ദിവസം 162 വധശിക്ഷകൾ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച മുതൽ ഫീൽഡ് എക്സിക്യൂഷനുകളിൽ കുറഞ്ഞത് 300 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. സാധാരണക്കാരെ കൂടാതെ, 93 സുരക്ഷാ ഉദ്യോഗസ്ഥരും 120 അസദ് പിന്തുണയുള്ള വിമതരും കൊല്ലപ്പെട്ടു. ശനിയാഴ്ച വരെ ആകെ മരണസംഖ്യ 524 ആയിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഹമ്മദ് അൽ-ജലാനി അസദിന്റെ ജന്മനാടായ ഖർദാഹയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. ലതാകിയയ്ക്ക് പുറമേ, ടാർട്ടസ് ഗവർണറേറ്റിലും വധശിക്ഷകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം സിറിയൻ വിമതരാൽ പുറത്താക്കപ്പെട്ട ബഷർ അൽ-അസദിന്റെ പിന്തുണക്കാരുടെ ശക്തികേന്ദ്രമാണ് ലതാകിയ പ്രവിശ്യ.