ഉക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ പാകിസ്ഥാന്‍ ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ നിങ്ങളുടെ അടിമ ആണെന്ന് കരുതുന്നുണ്ടോ എന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.
ഉക്രൈന്‍ അധിനിവേശത്തെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് ഒന്നിന് 22 നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാര്‍ സംയുക്തമായി ഇമ്രാന്‍ ഖാന് കത്ത് നല്‍കിയിരുന്നു. ഇത്തരത്തില്‍ യു.എന്‍ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ രാഷ്ട്ര തലവന്‍മാര്‍ക്ക് കത്തയക്കാറുണ്ടെങ്കിലും അവ പരസ്യമാക്കുന്നത് സാധാരണ നയതന്ത്ര രീതിയല്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. അത്തരം നിലപാട് അപൂര്‍വ്വമാണ്.
‘നിനക്ക് ഞങ്ങളെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നത്? നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ അത് ചെയ്യാന്‍, ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ.? ഇമ്രാന്‍ ഖാന്‍ ചോദിച്ചു. പാകിസ്ഥാനിലെ ഒരു രാഷ്ട്രീയ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളുടെ സഖ്യകക്ഷിയായ പാകിസ്ഥാന്‍, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉക്രൈന്‍ ആക്രമിച്ചതിന് റഷ്യയെ രൂക്ഷമായി ശാസിച്ചതിന് പിന്നാലെ വോട്ടിങില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന് കത്ത് നല്‍കിയത്. വോട്ടിങില്‍ നിന്ന് ഇന്ത്യ അടക്കം വിട്ടുനിന്നിരുന്നു.
എന്നാല്‍ ഇന്ത്യക്ക് യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍മാര്‍ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയോ എന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു. അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യത്തെ പിന്തുണച്ചതിനാലാണ് പാകിസ്ഥാന്‍ ദുരിതമനുഭവിച്ചതെന്നും, നന്ദിക്ക് പകരം തങ്ങള്‍ വിമര്‍ശനങ്ങളാണ് നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈന്‍ അധിനിവേശത്തിന് മുമ്പും, റഷ്യ സൈന്യത്തെ അയച്ച ശേഷവും ഇമ്രാന്‍ ഖാന്‍ മോസ്‌കോ സന്ദര്‍ശനത്തിന് പോയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
‘ഞങ്ങള്‍ റഷ്യയുമായി സുഹൃത്തുക്കളാണ്, ഞങ്ങള്‍ അമേരിക്കയുമായും സുഹൃത്തുക്കളാണ്. ഞങ്ങള്‍ ചൈനയുമായും യൂറോപ്പുമായും സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരു ക്യാമ്പിലും ഇല്ല, പാകിസ്ഥാന്‍ നിഷ്പക്ഷമായി തുടരും’,ഖാന്‍ പറഞ്ഞു. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.