അമേരിക്കയിലെ ഒരു സ്റ്റോറില്‍ തോക്കുമായി എത്തിയ അക്രമി സംഘത്തെ കീഴ്‌പ്പെടുത്തി ബുള്ളറ്റ് എന്ന് പേരുള്ള വളര്‍ത്തുനായ. ഫിലാഡല്‍ഫിയ ടോറസ്ഡെയല്‍ അവന്യൂവിലെ ‘ബിഗ് എ’ എന്ന് സ്റ്റോറിലാണ് സംഭവം. വളര്‍ത്തുനായയുടെ ഇടപെടല്‍മൂലം രണ്ട് പേരുടെ ജീവന്‍ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്റ്റോറില്‍ കവര്‍ച്ച നടത്താനായി രണ്ടുപേര്‍ എത്തിയത്. തോക്കുകളുമായി എത്തിയ ഇവര്‍ സ്റ്റോര്‍ ക്ലര്‍ക്കായ യുവതിക്കും മാനേജര്‍ക്കും നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഈ സമയത്ത് ബുള്ളറ്റ് അക്രമികള്‍ക്ക് നേരെ ചാടിയടുത്ത് തോക്ക് തട്ടിയെടുക്കാനുള്ള ശ്രമം നടത്തി. നായ അക്രമികളെ നേരിടാന്‍ തുടങ്ങിയതോടെ യുവതി തന്റെ കൈയിലുണ്ടായിരുന്ന തോക്ക് കൊണ്ട് അക്രമിക്ക് നേരേ വെടിയുതിര്‍ത്തു. ഇതോടെ അക്രമികള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയില്‍ ക്ലര്‍ക്കിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ സ്റ്റോര്‍ ക്ലാര്‍ക്കായ യുവതിക്ക് പരിക്കേറ്റു. ഇവര്‍ ജെഫേഴ്സണ്‍-ടോറസ്ഡെയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുള്ളറ്റ് സമയോചിതമായി ഇടപെട്ടില്ലായിരുന്നു എങ്കില്‍ പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമായിരുന്നു എന്നും തനിക്കും ക്ലര്‍ക്കിനും ജീവന്‍ നഷ്ടമാകുമായിരുന്നു എന്നും സ്റ്റോര്‍ മാനേജറായ സാമി ആലുബേഹി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച തോക്കുകളിലൊന്ന് പോലീസ് കണ്ടെടുത്തു.