'അതിവേഗം പടര്‍ന്ന് ഒമൈക്രോണ്‍ ഉപവകഭേദം, 57 രാജ്യങ്ങളില്‍'; ഡബ്ല്യു.എച്ച്.ഒ

ഒമൈക്രോണിന്റെ ഉപവകഭേദം അതിവേഗം പടര്‍ന്നുപിടിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നിലവില്‍ 57 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. 10 ആഴ്ച മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമൈക്രോണ്‍ വകഭേദം ചുരുങ്ങിയ സമയത്തിനുള്ളിലാണ് പ്രബലമായ വകഭേദമായി മാറിയത്.

കഴിഞ്ഞ മാസം ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളില്‍ 93 ശതമാനത്തില്‍ അധികവും ഒമൈക്രോണ്‍ വകഭേദമാണ്. ഒമൈക്രോണിന് BA.1, BA.1.1, BA.2, BA എന്നിങ്ങനെ ഉപവകഭേദങ്ങള്‍ ഉള്ളതായി ഡബ്ല്യു.എച്ച്.ഒയുടെ പ്രതിവാര എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ആദ്യം കണ്ടെത്തിയ BA.1, BA.1.1 എന്നിവയേക്കാള്‍ വേഗത്തിലാണ് BA.2 വ്യാപിക്കുന്നത്. ഈ ഉപവകഭേദത്തിന് കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചട്ടുള്ളതായും, മനുഷ്യ ശരീരത്തിലേക്കു പ്രവേശിക്കുന്ന സ്‌പൈക് പ്രോട്ടീനിലടക്കം മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. ചില രാജ്യങ്ങളില്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്ന ഒമൈക്രോണ്‍ കേസുകളില്‍ പകുതിയിലധികവും ഈ ഉപവകഭേദമാണ്.

Read more

ഒമൈക്രാണ്‍ വകഭേദത്തേക്കാള്‍ വേഗത്തില്‍ പകരാന്‍ സാധ്യത ഉള്ളതാണ് BA. 2 എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഉപ വകഭേദങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ഇതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. നിലവില്‍ കോവിഡ് ഒരു അപകടകരമായ രോഗമായി തുടരുകയാണെന്നും ആളുകള്‍ ജാഗ്രത തുടരണമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി.