ഉക്രൈന്‍ റഷ്യ യുദ്ധത്തില്‍ അപലപിച്ച് മാര്‍പാപ്പ. യുദ്ധം മനുഷ്യത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരാജയമാണ്. പൈശാചിക ശക്തികള്‍ക്കു മുന്നിലെ കീഴടങ്ങലാണ് എന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ട്വീറ്റ് ചെയ്തു.
എല്ലാ യുദ്ധങ്ങളും നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നുവെന്ന് പറഞ്ഞ മാര്‍പ്പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച മാര്‍പ്പാപ്പ റഷ്യന്‍ എംബസിയില്‍ സന്ദര്‍ശനെ നടത്തുകയും ചെയ്തു. റഷ്യന്‍ അംബാസിഡറുമായി സംസാരിക്കുകയും റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തില്‍ തന്റെ ആശങ്ക അറിയിക്കുകയും ചെയ്തു.
ഉക്രൈനുമേല്‍ റഷ്യയുടെ അധിനിവേശം തുടരുകയാണ്. അതേ സമയം ഉക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച് പ്രമേയം റഷ്യ വീറ്റോ ചെയ്തു. ഉക്രൈനെതിരായ ആക്രമണത്തെ അപലപിച്ചും, ഒപ്പം സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ റഷ്യ വീറ്റോ ചെയ്തത്. ചൈനയും ഇന്ത്യയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം തയ്യാറാക്കി അവതരിപ്പിച്ചത്. സമിതിയിലെ 15 അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. രക്ഷാസമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.