ഉക്രൈന് നേരെ റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ സൈനികരോട് കയര്‍ത്ത് സംസാരിക്കുന്ന ഉക്രേനിയന്‍ വനിതയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഉക്രൈനിലെ ഹെനിചെസ്‌കിലാണ് സംഭവം. ഇത് വഴി പോകുകയായിരുന്ന വനിതയെ സൈനികര്‍ തടഞ്ഞു നിര്‍ത്തുകയും മറ്റൊരു വഴിയിലൂടെ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. റഷ്യന്‍ സൈനികരാണ് തടഞ്ഞത് എന്ന് മനസ്സിലായതോടെ നിങ്ങള്‍ക്ക് ഇവിടെ എന്താണ് കാര്യമെന്ന് വനിത ചോദിച്ചു. തര്‍ക്കിക്കുന്നതില്‍ കാര്യമില്ല എന്നായിരുന്നു സൈനികരുടെ മറുപടി.
തുടര്‍ന്ന് വനിത അവരോട് ദേഷ്യപ്പെടുകയായിരുന്നു. നിങ്ങള്‍ അധിനിവേശം നടത്തുന്നവരാണ്. ഫാസിസ്റ്റുകളാണ്, തോക്കുകളുമായി ഞങ്ങളുടെ മണ്ണില്‍ നിങ്ങളെന്താണ് ചെയ്യുന്നത് എന്നും വനിത അവരോട് ചോദിച്ചു. ശേഷം ഉക്രൈന്റെ ദേശീയ പുഷ്പമായ സൂര്യകാന്തിയുടെ വിത്തുകള്‍ സൈനികര്‍ക്ക് നല്‍കുകയും അത് സൈനികരോട് പോക്കറ്റിലിടാന്‍ പരയുകയും ചെയ്തു. സൈനികര്‍ ഇവിടെ കിടക്കുമ്പോള്‍ സൂര്യകാന്തിപ്പൂക്കളെങ്കിലും ഇവിടെ വളരുമെന്നും അവര്‍ പറഞ്ഞു.
ആ സമയത്ത് റോഡിലൂടെ നടന്ന് പോയവരാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. നിരവധി ആളുകള്‍ വീഡിയോ പങ്കുവെയ്ക്കുകയും ഉക്രേനിയന്‍ വനിതയുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു.