18 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി; ദിവസവേതനം 660രൂപ; ജീവനക്കാര്‍ക്ക് നായ്ക്കളുടെ പരിഗണന പോലും നല്‍കിയില്ല; ശതകോടീശരന്‍മാരായ ഹിന്ദുജ കുടുംബത്തിന്റെ ക്രൂരതകള്‍

വീട്ടുജോലിക്കാരെ ചൂഷണം ചെയ്ത കേസില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കോടതി പുറപ്പെടുവിച്ച വിധിക്ക് പിന്നാലെ ഹിന്ദുജ കുടുംബത്തിന്റെ ക്രൂരതകള്‍ പുറത്ത്. വീട്ടുവേലക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അതിസമ്പന്നരായ ഹിന്ദുജ കുടുംബത്തിലെ നാല് പേരെ നാല് വര്‍ഷം മുതല്‍ നാലര വര്‍ഷം വരെ തടവിന് ശിക്ഷിച്ചു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ഹിന്ദുജമാര്‍ ദിവസം 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി വീട്ടുജോലിക്കാരെ പണിയെടുപ്പിച്ചിരുന്നു. 660 രൂപ വരെയായിരുന്നു ദിവസവേതനം. വീട്ടിലെ വളര്‍ത്തുനായകള്‍ക്കു ചെലവാക്കുന്ന പണംപോലും ശമ്പളമായി നല്‍കാന്‍ മുതലാളിമാര്‍ തയ്യാറായില്ല.

ജോലിക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു, സ്വിസ് ഫ്രാങ്കിനു പകരം ശമ്പളം രൂപയായി നല്‍കി, വില്ലയില്‍നിന്ന് പുറത്തുപോകാന്‍ അനുവദിച്ചില്ല തുടങ്ങിയ പരാതികളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

പരാതിയില്‍ ജനീവയിലെ അന്വേഷണ ഏജന്‍സി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം, തൊഴില്‍ ചൂഷണം, മനുഷ്യക്കടത്ത്, തൊഴില്‍ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഹിന്ദുജ കുടുംബാംഗങ്ങള്‍ക്കെതിരെ അന്വേഷണ സംഘം ചുമത്തിയിരുന്നത്.

പതിറ്റാണ്ടുകളായി ഹിന്ദുജ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലാണ് കഴിയുന്നത്. 2007 ല്‍ സമാനമായ കേസില്‍ പ്രതിയാക്കപ്പെട്ട പ്രകാശ് ഹിന്ദുജയ്ക്ക് അന്ന് കുറഞ്ഞ ശിക്ഷയായിരുന്നു ലഭിച്ചത്. എന്നിട്ടും കൃത്യമായ രേഖകളില്ലാതെ ആളുകളെ ജോലിക്ക് വെച്ച് ചൂഷണം ചെയ്‌തെന്നാണ് കുറ്റം തെളിഞ്ഞത്. വീട്ടില്‍ റെയ്ഡ് നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിലെ അന്വേഷണ സംഘം ഡയമണ്ട്, അമൂല്യ രത്‌നങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. കോടതി നടപടികളുടെ ഫീസും പിഴയും ഈടാക്കുന്നതിനായിരുന്നു ഇത്.

ഇന്ത്യന്‍ വംശജനും വന്‍കിടവ്യവസായിയുമായ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍ ഹിന്ദുജ എന്നിവര്‍ക്ക് നാലരവര്‍ഷം തടവും മകന്‍ അജയിക്കും മരുമകള്‍ നമ്രതയ്ക്കും നാലുവര്‍ഷം തടവുമാണ് വെള്ളിയാഴ്ച ജനീവ കോടതി വിധിച്ചത്. 9.5 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും മൂന്ന് ലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു. കടുംബത്തിന്റെ മാനേജരും കേസില്‍ അഞ്ചാം പ്രതിയുമായ നജീബ് സിയാസിക്ക് 18 മാസമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

അമ്പരപ്പുണ്ടാക്കുന്നതാണ് വിധിയെന്നും സ്വിസ് നിയമപ്രകാരം പരമോന്നതകോടതിയുടെ അന്തിമ തീരുമാനംവരുംവരെ ആരോപണവിധേയരെ കുറ്റക്കാരായികണക്കാക്കാനാകില്ലെന്നും കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ വേരുള്ള ഹിന്ദുജമാരുടേതാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നകുടുംബം. എണ്ണ, വാഹനം, ഐ.ടി., മീഡിയ, ഊര്‍ജം, ആരോഗ്യപരിപാലനം തുടങ്ങി വിവിധ മേഖലകളിലായി 45 രാജ്യങ്ങില്‍ അവര്‍ക്ക് ബിസിനസുണ്ട്. 1980-ലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ താമസമാക്കിയത്. 3719 കോടി ഡോളറാണ് ആസ്തി.

ഹിന്ദി മാത്രം സംസാരിക്കാന്‍ അറിയുന്ന ചില ജീവനക്കാര്‍ക്ക് ഇന്ത്യന്‍ രൂപയില്‍ ശമ്ബളം ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇവര്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പണം ഉപയോഗിക്കാനും കഴിഞ്ഞില്ല. ഈ ആരോപണങ്ങളിലാണ് ഹിന്ദുജ കുടുംബങ്ങള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. രാജ്യത്ത് 2000 ത്തില്‍ പൗരത്വം നേടിയ പ്രകാശ് ഹിന്ദുജക്കെതിരെ ഇപ്പോള്‍ നികുതി വെട്ടിപ്പ് കേസിലും അന്വേഷണം നടക്കുന്നുണ്ട്.