നേപ്പാളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ചലനം പുലര്‍ച്ചെ 1.57 ഓടെയാണ് അനുഭവപ്പെട്ടത്. ദോത്തി ജില്ലയില്‍ വീട് തകര്‍ന്ന് ആറു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.
രക്ഷാദൗത്യത്തിന് സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.
നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ഏകദേശം 10 സെക്കന്‍ഡോളം നീണ്ടു നിന്നതായി നിരവധിപ്പേര്‍ ട്വീറ്റ് ചെയ്തു.
24 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ചൊവ്വാഴ്ച രാവിലെ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായിരുന്നു.