അമേരിക്കയില്‍ ക്രൈസ്തവ ദേവാലയം 'മതം മാറി'; പള്ളി ഇനി സ്വാമിനാരായണന്‍ ക്ഷേത്രം

അമേരിക്കയില്‍ ഒരു ക്രൈസ്തവ ദേവാലയം കൂടി “മതം മാറി”. ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള പള്ളിയാണ് ഹിന്ദു ക്ഷേത്രമായി മാറിയത്. സ്വാമി നാരായണന്‍ അമ്പലം എന്നാണ് ഇനി പള്ളി അറിയപ്പെടുക. ഹൈന്ദവ ദൈവങ്ങളുടെ പ്രതിഷ്ഠ അടക്കമുള്ള ചടങ്ങുകള്‍ കഴിഞ്ഞമാസം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമി നാരായണന്‍ ഗഡി സന്‍സ്താന്‍ എന്ന സംഘടന വാങ്ങിയതോടെയാണ് പള്ളി അമ്പലമായി മാറിയത്. അമേരിക്കയില്‍ ഈ സംഘടന വാങ്ങുന്ന മൂന്നാമത്തെ പള്ളിയാണ് ഇത്. മറ്റു രാജ്യങ്ങളിലായി അഞ്ചോളം പള്ളികളും സംഘടന വാങ്ങിയിട്ടുണ്ട്. ആരാധന നടക്കാതെ വര്‍ഷങ്ങളായി അടച്ചുപൂട്ടിക്കിടന്നിരുന്ന ക്രിസ്തീയ ദേവാലയങ്ങള്‍ വാങ്ങിച്ച് അവയെ അമ്പലങ്ങളാക്കി മാറ്റുകയാണ് സംഘടന ചെയ്യുന്നത്.

ഡെലവെറിലെ ഹൈലാന്‍ഡ് മെന്നോനിറ്റെ ദേവാലയം 2014-15 ലാണ് ഇവര്‍ വാങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് പള്ളിയുടെ നിര്‍മ്മാണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ക്ഷേത്രത്തിന്റെ മൂന്ന് ഗോപുരങ്ങളും കുംഭഗോപുരവും ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടുവന്നാണ് സ്ഥാപിച്ചതെന്ന് ക്ഷേത്ര ഭരണാധികാരി വസു പട്ടേല്‍ പറഞ്ഞു. 3,000 ചതുരശ്ര അടിയുള്ള ഈ വസ്തു വാങ്ങുന്നതിന് 1.45 മില്യണ്‍ ഡോളര്‍ ആണ് സന്‍സ്താന്‍ ചെലവാക്കിയത്. ക്ഷേത്രം മതപരമായ ഉദ്ദേശത്തിനു മാത്രമല്ല, സംസ്‌കാരിക പ്രവര്‍ത്തനത്തിനുമായി മാറ്റിവച്ചിരിക്കുകയാണെന്നും പട്ടേല്‍ അവകാശപ്പെട്ടു.