ഹമാസ് 'നായിന്റെ മക്കള്‍'; ബന്ദികളെ ഉടന്‍ മോചിപ്പിക്കണം, ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് പലസ്തീന്‍ പ്രസിഡന്റ്; ഇന്ത്യയുടെ കരുതലിന് പിന്തുണയെന്ന് മഹമൂദ് അബ്ബാസ്

ഹമാസ് ഭീകരവാദികളെ പൂര്‍ണമായും തള്ളിയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഗാസയിലെ നിലവിലെ ദുരന്തത്തിന് കാരണം ഹമാസാണെന്ന് വ്യക്തമാക്കി അദേഹം ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

‘നായിന്റെ മക്കള്‍’ എന്നാണ് ഹമാസിനെ പലസ്തീന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.
ഹമാസിനെ നിരായുധീകരിക്കണമെന്നും ഗാസയുടെ നിയന്ത്രണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടുകൊടുക്കുന്നതില്‍ ഹമാസ് തൊടുന്യായം പറഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്കെതിരേയുള്ള ഇസ്രയേല്‍ ആക്രമണം തുടരുമെന്നും അബ്ബാസ് പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കശീമിരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ പലസ്തീന്‍ പ്രസിഡന്റ് അബ്ബാസ് അപലപിച്ചു. ദാരുണമായ സംഭവത്തിന്റെ വാര്‍ത്ത ദുഃഖത്തോടെയാണ് കേട്ടതെന്നും ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത കത്തില്‍ അദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷയിലും ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും പലസ്തീന്റെ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇസ്രേലി സേന മാര്‍ച്ച് 18ന് ആക്രമണം പുനരാരംഭിച്ചശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2062 ആയെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇക്കാലയളവില്‍ 5,375 പേര്‍ക്കു പരിക്കേറ്റു. ഇന്നലെ അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ മാത്രം 84 മൃതദേഹങ്ങളും പരിക്കേറ്റ 168 പേരും ഗാസയിലെ ആശുപത്രികളിലെത്തി.

Read more

2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിച്ചശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 51,439 ആയി. 1.17 ലക്ഷം പേര്‍ക്കാണു പരിക്കേറ്റത്.