മുടിയുടെ നീളം കൂടി, സ്കൂൾ ചട്ടം ലംഘിച്ചെന്നാരോപണം; വിദ്യാർത്ഥികളുടെ തല വടിച്ച അധ്യാപകനെ പുറത്താക്കി

തായ്‌ലന്‍റിൽ സ്കൂൾ ചട്ടം ലംഘിച്ചെന്നാരോപിച്ച് വിദ്യാർത്ഥികളുടെ തല വടിച്ച അധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കി സ്കൂൾ അധികൃതർ. സ്കൂൾ നിയമങ്ങൾ ലംഘിച്ച 66 ഓളം വിദ്യാർത്ഥികളുടെ തലയാണ് അധ്യാപകൻ വടിച്ചത്. അതേസമയം സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് തായ്‍ലഡിൽ അരങ്ങേറുന്നത്.

വെസ്റ്റേൺ തായ്‌ലൻഡിലെ മെയ്‌സോഡ് ടെക്‌നിക്കൽ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു അധ്യാപകനാണ് ഇത്തരത്തിൽ നടപടി നേരിട്ടത്. വിദ്യാർത്ഥികളുടെ മുടിയുടെ നീളം സ്‌കൂൾ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതലാണെന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ശിക്ഷാ നടപടി. എന്നാൽ അധ്യാപകന്‍റെ പ്രവർത്തിയിൽ വ്യാപകമായ വിമർശനം ഉയർന്നതോടെ സ്കൂൾ അധികൃതർ അധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം സ്കൂള്‍ ചട്ടം അനുസരിക്കാതിരുന്ന വിദ്യാർത്ഥികളെ അധ്യാപകൻ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അനുചിതവും അതിരുകടന്നതുമായ പ്രവൃത്തിയുടെ പേരിൽ അധ്യാപകനെ പുറത്താക്കിയതായി സ്കൂൾ സ്കൂൾ അധികൃതരും അറിയിച്ചു.

വിദ്യാർത്ഥികളുടെ തലയുടെ മധ്യഭാഗത്തുള്ള മുടി മാത്രമാണ് അധ്യാപകൻ വട്ടത്തിൽ നീക്കം ചെയ്തത്. അധ്യാപകന്‍റെ ഈ ശിക്ഷാ നടപടിക്ക് ഇരയാക്കപ്പെട്ട വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾ ഉയരുകയായിരുന്നു. അധ്യാപകന്‍റെ ഇരയാക്കപ്പെട്ട വിദ്യാർത്ഥികളുടെ തലമുടി നല്ല രീതിയിൽ മുറിച്ച് നൽകി സഹായിക്കുന്നതിനായി നിരവധി ബാർബർമാർ സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.