പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ശനിയാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,000 ത്തിനടുത്താകുന്നു. ഭൂചലനങ്ങളെ ഭയന്ന് ആളുകൾ പൊതു പാർക്കുകളിലും തെരുവുകളിലും ദുരന്തത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലുമായാണ് കഴിഞ്ഞ രണ്ട് രാത്രികളിലായി കിടന്നുറങ്ങുന്നത്. തകർന്ന ഗ്രാമങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ പ്രിയപ്പെട്ടവരെ തിരയുന്ന ആളുകളുടെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.
മുതിർന്ന താലിബാൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മരണസംഖ്യ 3,0000- നോട് അടുക്കുന്നു. 2,445 പേർ മരണപ്പെട്ടതായാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. അതിനു ശേഷം 350 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള സേന ഇന്ന് രാവിലെ ദുരന്തസ്ഥലത്ത് എത്തി, അവശിഷ്ടങ്ങൾക്കടിയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുകയാണ്, കുറഞ്ഞത് 20 ഗ്രാമങ്ങളെങ്കിലും ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഹിന്ദുകുഷ് പർവതനിരകളിൽ, എന്നാൽ രണ്ട് വർഷം മുമ്പ് ബലപ്രയോഗത്തിലൂടെ രാജ്യം പിടിച്ചെടുത്ത താലിബാന് പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ താലിബാന്റെ രക്ഷാപ്രവർത്തക സംഘത്തിലെ അംഗങ്ങൾ തോക്കുകൾ തോളിൽ തൂക്കി അവശിഷ്ടങ്ങളുടെ കൂമ്പാരത്തിൽ നിന്ന് ഇഷ്ടികകൾ വേർതിരിച്ചെടുക്കുന്നതും നശിപ്പിക്കപ്പെട്ട ഗ്രാമങ്ങളിൽ ബുൾഡോസറുകൾ ഉപയോഗിക്കുന്നതായും കാണാം. ഇത്തരം പ്രവർത്തികൾ അതിജീവിതരുടെ ജീവന് ഭീഷണയാണെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.
‘ ആളുകളെ സഹായിക്കാൻ അയൽക്കാരോടൊപ്പം ദുരന്തഭൂമിയിലെ ഒരു ഗ്രാമം സന്ദർശിച്ചപ്പോൾ. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും അതിജീവിച്ചവരെ കണ്ടെത്തുന്നതിനും താലിബാൻ റെസ്ക്യൂ ടീമുകൾ ബുൾഡോസറുകൾ ഉപയോഗിക്കുകയായിരുന്നു, എന്നാൽ അവരുടെ പ്രവർത്തനങ്ങൾ രക്ഷപ്പെട്ടവരെ അപകടത്തിലാക്കുകയാണെന്ന് ,’ഹെറാത്ത് നിവാസിയായ ഫെറിഡൺ എന്നയാൾ മാധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഗ്രാമങ്ങളിലെ വീടുകൾ പൂർണമായി തകർന്നു, ഇവിടെ ഒന്നും അവശേഷിക്കുന്നില്ല. നിരവധി ആളുകൾക്ക് ഇവിടെ ജീവൻ നഷ്ടപ്പെട്ടു.’ഭൂകമ്പം ഉണ്ടായതിനു ശേഷം ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും. ‘- അതിജീവിച്ച ഒരു വ്യക്തി വെളിപ്പെടുത്തിയതായി ഗാഡിയൻ റിപ്പോർട്ട് ചെയ്തു.
Read more
രക്ഷാ ഉപകരണങ്ങളുടെ അഭാവം പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ മരണസംഖ്യ വർദ്ധിപ്പിക്കുമെന്ന് ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ബാധിച്ച ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.