കോവിഡ് വ്യാപനത്തിനു പിന്നാലെ കുടലിനെ ബാധിക്കുന്ന പകർച്ചവ്യാധി; ഉത്തര കൊറിയയിൽ പുതിയ രോഗം

കോവിഡ് വ്യാപനത്തിനു പിന്നാലെ ഉത്തരകൊറിയയിൽ പുതിയ പകർച്ച വ്യാധി പടരുന്നു.  രോഗം കുടലിനെ ബാധിക്കുന്നതായാണ്  റിപ്പോർട്ട്. എത്ര പേർക്ക് രോ​ഗം ബാധിച്ചെന്നോ, എങ്ങനെയാണ് രോഗം  പകർന്നതെന്നോ സംബന്ധിച്ച ഔദ്യോ​ഗിക വിവരളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

രോ​ഗ വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ഭരണാധികാരി കിം ജോങ് ഉൻ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാറ്റി വെച്ച മരുന്നുകളും സംഭാവന ചെയ്യ്തതായാണ് റിപ്പോർട്ട്. ഉത്തരകൊറിയയിൽ സാധാരണയായി കോളറ, ടെെഫോയ്ഡ് തുടങ്ങിയ രോ​ഗങ്ങൾ പടർന്നു പിടിക്കാറുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും രോ​ഗമായിരിക്കാം പടർന്നു പിടിച്ചതെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ഉത്തരകൊറിയയിലെ ഒരു പത്രത്തിന്റെ ആദ്യ പേജിൽ കിമ്മും അദ്ദേഹത്തിന്റെ ഭാര്യ റി സൊൽ ജുവും സംഭാവന ചെയ്യുന്ന മരുന്നുകൾ പരിശോധിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം നിലവിലെ പകർച്ച വ്യാധി എത്രമാത്രം ​ഗുരുതരമാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ദക്ഷിണ കൊറിയയിൽ നിന്നുള്ള ചാര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഉത്തരകൊറിയയിൽ കഴിഞ്ഞ മാസം പനി സംബന്ധമായ ​രോ​ഗലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ പലർക്കും അഞ്ചാം പനി, ടൈഫോയ്ഡ് തുടങ്ങിയവയാണെന്നാണ് ഈ ഏജൻസികൾ പറയുന്നത്.