പ്രക്ഷോഭം വീണ്ടും ഫലം കണ്ടു; ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജി സന്നദ്ധത അറിയിച്ചു; രാജി സന്നദ്ധത അറിയിച്ചത് ഷെയ്ഖ് ഹസീനയുടെ വിശ്വസ്തന്‍

ഷെയ്ഖ് ഹസീനയ്ക്ക് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആരംഭിച്ച പ്രക്ഷോഭം ശക്തമായതിന് പിന്നാലെ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതി വളഞ്ഞ് പ്രക്ഷോഭം ശക്തമാക്കിയതിന് പിന്നാലെയാണ് ഉബൈദുല്‍ ഹസന്‍ രാജി സന്നദ്ധത അറിയിച്ചത്.

ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ടാണ് വീണ്ടും ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചത്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഇടക്കാല സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗമാണ് പ്രതിഷേധത്തിനിടയാക്കിയത്.

രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായാണ് ഉബൈദുല്‍ ഹസന്‍ ബംഗ്ലാദേശില്‍ അറിയപ്പെട്ടിരുന്നത്. ഗൂഢാലോചനയുടെ ഭാഗമായാണ് ഉബൈദുല്‍ ഹസന്‍ യോഗം വിളിച്ചുചേര്‍ത്തതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം.