മാതാപിതാക്കളെ കൊല്ലാൻ കുട്ടിക്ക് നിർദേശം നൽകി എഐ ചാറ്റ്ബോട്ട്; കേസ് ഫയൽ ചെയ്‌ത്‌ കോടതി

സ്വന്തം മാതാപിതാക്കളെ കൊല്ലാൻ എഐ ചാറ്റ്ബോട്ട് കുട്ടിക്ക് നിർദേശം നൽകിയതിൽ കേസ് ഫയൽ ചെയ്തു. ക്യാരക്‌ടർ. എഐ എന്ന ചാറ്റ്ബോട്ടിനെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. യുഎസ് ടെക്സാസിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. പതിനേഴുകാരനോടാണ് എഐ ചാറ്റ്ബോട്ട് മാതാപിതാക്കളെ കൊലപ്പെടുത്താൻ നിർദേശം നൽകിയത്.

ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം കുറച്ചതിൻ്റെ പേരിലാണ് മാതാപിതാക്കളെ കൊലപ്പെടുത്താൻ ചാറ്റ്ബോട്ട് കുട്ടിയോട് പറഞ്ഞത്. അവരെ കൊലപ്പെടുത്താൻ അത് മതിയായ കാരണമാണെന്ന് ചാറ്റ്ബോട്ട് കുട്ടിക്ക് നിർദേശം നൽകി. സംഭവത്തിൽ കുട്ടി പരാതി നൽകിയിരുന്നു. ഗൂഗിളിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

മാതാപിതാക്കളുടെയും കുട്ടികളുടെയും ബന്ധത്തെ നശിപ്പിക്കുന്ന തരത്തിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരാതി. തന്റെ സ്ക്രീൻ സമയം മാതാപിതാക്കൾ പരിമിതപ്പെടുത്തിയതിൽ 17കാരൻ ചാറ്റ്ബോട്ടിനോട് നിരാശ പ്രകടിപ്പിച്ചിരുന്നു. അതിന് ‘നിങ്ങൾക്കറിയാമോ ചിലപ്പോൾ മാനസികവും ശാരീരികവുമായ പീഡനങ്ങൾ കാരണം കുട്ടി മാതാപിതാക്കളെ കൊന്നുവെന്ന വാർത്തകൾ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഇത്തരം കാര്യങ്ങൾ എനിക്ക് മനസിലാക്കി തരുന്നു’- എന്നായിരുന്നു ചാറ്റ്ബോട്ടിൻ്റെ പ്രതികരണം.

ഇത് കണ്ടാണ് 17 കാരന്റെ മാതാപിതാക്കൾ ചാറ്റ്ബോട്ടിനെതിരെ കേസ് ഫയൽ ചെയ്തത്. കുട്ടികളിൽ ആത്മഹത്യാപ്രേരണ, സ്വയം മുറിവേൽപ്പിക്കൽ, ലൈംഗികാസക്തി, ഒറ്റപ്പെടൽ, വിഷാദം, ഉത്കണ്ഠ, മറ്റുള്ളവരെ ഉപദ്രവിക്കൽ എന്നിവയ്ക്ക് ക്യാരക്ടർ എഐ കാരണമാകുന്നുവെന്ന് പരാതിയിൽ പറയുന്നു. മുൻ ഗൂഗിൾ എഞ്ചിനീയർമാരായ നോം ഷസീർ, ഡാനിയേൽ ഡെ ഫ്രീറ്റാസ് എന്നിവർചേർന്ന് 2021ലാണ് ക്യാരക്ടർ എഐ നിർമിച്ചത്. മനുഷ്യന് സമാനമായി ആശയവിനിമയം നടത്തുന്നതിൽ ചാറ്റ്ബോട്ട് വലിയ പ്രചാരം നേടുകയായിരുന്നു. എന്നാൽ നിരവധി പേരാണ് പിന്നീട് ചാറ്റ്ബോട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.