ഉക്രൈനില്‍ വ്യോമാക്രണം; അപലപിച്ച് ബൈഡന്‍, അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ

ഉക്രൈന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ നടപടി നീതികരിക്കാനാവില്ല. ലോകത്തിന്റെ പ്രാര്‍ത്ഥന ഉക്രൈനോടൊപ്പം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേ സമയം ഉക്രൈന്‍ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഇന്ത്യ. ഉക്രൈനിലെ സാബചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. നയതന്ത്ര തലത്തില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ പറഞ്ഞു.

യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഉക്രൈനെതിരെ റഷ്യയുടെ വ്യോമാക്രണം. കീവില്‍ ആറിടത്ത് റഷ്യ സ്‌ഫോടനം നടത്തി. നിലവില്‍ നടപടി അനിവാര്യമാണെന്നും ഉക്രൈന്‍ സൈന്യം പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെ വെച്ച് പിന്തിരിയണമെന്നും റഷ്യന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

നാറ്റോ വിപുലീകരണത്തിന് ഉക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,മണിക്കൂറുകള്‍ക്കകം ഉക്രൈനില്‍ റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി. റഷ്യ കിഴക്കന്‍ ഉക്രൈന്‍ മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചു. സിവിലിയന്‍ വിമാനങ്ങളെയും നിരോധിച്ചിട്ടുണ്ട്.

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. പുടിന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ യു എന്‍ ഉടന്‍ അടിയന്തിര യോഗം ചേരുകയാണ്.ഉക്രെയ്‌നിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ ആവശ്യപ്പെട്ട് ഡോണെട്‌സ്‌ക്, ലുഹാന്‌സ്‌ക് പ്രവിശ്യയിലെ വിമതര്‍ പുടിന് കത്തെഴുതി.