ഹിസ്ബുള്ളക്കെതിരെ ലബനനില്‍ കരയാക്രമണത്തിന് തയാറെടുക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ച് ഇസ്രേലി സൈനിക മേധാവി ജനറല്‍ ഹെര്‍സി ഹാലെവി. ലബനനില്‍ കരയാക്രമണത്തിനു മുന്നോടിയായിട്ടാണ് വ്യോമാക്രമണങ്ങള്‍ നടത്തുന്നത്.
ഇസ്രേലി സേന ലബനനില്‍ പ്രവേശിക്കുന്നതിനുള്ള വഴിയൊരുക്കുന്നതുവരെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടരുമെന്ന് ലബനീസ് അതിര്‍ത്തിയിലുള്ള ഇസ്രേലി സൈനികരോട് അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഇസ്രയേലില്‍നിന്ന് ഒഴിപ്പിച്ചുമാറ്റിയ ഇസ്രേലി പൗരന്മാരെ തിരികെ എത്തിക്കലാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ യുദ്ധം ഹിസ്ബുള്ളക്കെതിരെയാണെന്നും ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇസ്രയേല്‍ നടപടി ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ്.
വ്യോമാക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഇപ്പോള്‍ ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുമ്പോള്‍ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താമെന്ന് നെതന്യാഹു വ്യക്തമാക്കി.
ലെബനന് നേരെ നടത്തിയ വ്യോമാക്രമണത്തിനുശേഷം പുറത്തുവിട്ട വീഡിയോയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലെബനനിലെ ജനങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഹിസ്ബുള്ളയെന്നും അദേഹം പറഞ്ഞു.