ഐക്യരാഷ്ട്ര സഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി. ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തോട് യുഎൻ പുലർത്തുന്ന സമീപനം പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും ഇസ്രയേലിനോട് യുഎന്നിന് വൈരം കലർന്ന സമീപനമാണെന്നും അടിയന്തര രക്ഷാസമിതി യോഗത്തിൽ നിക്കി ഹേലി കുറ്റപ്പെടുത്തി.
പശ്ചിമേഷ്യൻ മേഖലയിൽ നടക്കുന്ന സംഭവങ്ങളെ മുൻനിർത്തിയായിരുന്നു രക്ഷാസമിതി യോഗത്തിൽ ചർച്ച നടന്നത്. പശ്ചിമേഷ്യൻ സമാധാനത്തിനായി യുഎൻ ശ്രമിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, യുഎസിന്റെ തീരുമാനത്തിനെതിരെ പലസ്തീനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ടു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലും സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
Read more
വിവിധ രാജ്യങ്ങളിലും ട്രംപ് വിരുദ്ധ പ്രതിഷേധം നടക്കുന്നുണ്ട്. അമേരിക്കയുടെ തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നതെന്ന് രക്ഷാ സമിതി വിലയിരുത്തി. ട്രംപിന്റെ തീരുമാനം പശ്ചിമേഷ്യൻ മേഖലയിലെ സമാധാനം തകർന്നുവെന്ന് പലസ്തീൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുറ്റപ്പെടുത്തി. എന്നാൽ യാഥാർഥ്യം കണക്കിലെടുത്താണ് നടപടിയെന്നാണ് യോഗത്തിൽ യുഎസിന്റെ വിശദീകരണം.