ജി 20യില്‍ തന്നെ മോദിയോട് ബൈഡന്‍ നിജ്ജാര്‍ കൊലയില്‍ ആശങ്ക പ്രകടിപ്പിച്ചു; 'ഫൈവ് ഐസും' പ്രധാനമന്ത്രിയോട് പ്രശ്‌നം അവതരിപ്പിച്ചു; അടിസ്ഥാന തത്വങ്ങള്‍ പാലിക്കണം, 'പ്രത്യേക പരിഗണന' ഒരു രാജ്യത്തിനുമില്ലെന്ന് അമേരിക്ക

സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി20 സമയത്ത് തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്.. ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജോ ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചതെന്ന്  ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യാന്വേഷണ ശൃംഖലയായ ഫൈവ് ഐസിലെ അംഗങ്ങള്‍ ആശയവിനിമയം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ശൃംഖലയാണ് ഫൈവ് ഐസ്. മോദിയുമായി നേരിട്ട് ഇടപെടാന്‍ സഖ്യകക്ഷികളോട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബൈഡനും മറ്റ് നേതാക്കളും ഉച്ചകോടിയില്‍ തങ്ങളുടെ ആശങ്കകള്‍ അറിയിച്ചത്.

ഉച്ചകോടി സമാപിച്ച് ഒരാഴ്ച കഴിഞ്ഞാണ് കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണില്‍ ഇന്ത്യ വധിച്ചെന്ന് ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചത്. വിഷയം പരസ്യമായി ഉന്നയിക്കുന്നതിന് മുമ്പേ തന്നെ സഖ്യ രാജ്യങ്ങളുടെ നേതാക്കളിലൂടെ വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രിയോട് നേരിട്ട് തന്നെ കാനഡ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കാനഡയുടെ ആരോപണങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആശങ്ക ഉയര്‍ത്തുകയും ഗുരുതരമായാണ് സംഭവത്തെ കാണുന്നതെന്ന് വാഷിംഗ്ടണ്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേശകന്‍ ജെക്് സുലിവന്‍ പറഞ്ഞത് വിഷയം ഗൗരവകരമാണെന്നും ഒരു രാജ്യത്തിനും ഇത്തരം കാര്യങ്ങളില്‍ പ്രത്യേക പരിഗണന ഇല്ലെന്നുമാണ്. അമേരിക്ക അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ എല്ലാ കാലത്തും ഉറച്ചു നില്‍ക്കുമെന്നും അത് ഏത് രാജ്യത്തെ ബാധിക്കുന്ന വിഷയമാണെങ്കിലുമെന്ന് ജെക് വിശദീകരിച്ചു. ഇത്തരം നടപടികളില്‍ ആര്‍ക്കും പ്രത്യേക പരിഗണനകളില്ലെന്നും തങ്ങള്‍ അടിസ്ഥാന തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പാക്കുമെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേശകന്‍ പറഞ്ഞു. സഖ്യരാജ്യമായ കാനഡയുടെ ക്രമസമാധാന പാലനത്തിലും നയതന്ത്രകാര്യങ്ങളിലും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും ജെക് വ്യക്തമാക്കി.

കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളെ കുറിച്ച് നരേന്ദ്ര മോദി അസംബന്ധം എന്നാണ് പ്രതികരിച്ചത്. കഴിഞ്ഞ ജൂണില്‍ ആയിരുന്നു ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേ നഗരത്തില്‍ സിഖ് ക്ഷേത്രത്തിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഖാലിസ്ഥാന്‍ വിഘടന വാദിയായ നിജ്ജാര്‍ വ്യാജ രേഖകള്‍ ചമച്ച് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. ആദ്യകാലത്ത് കാനഡയില്‍ പ്ലംബര്‍ ആയി ജോലി നോക്കിയിരുന്ന ഇയാള്‍ക്ക്  പിന്നീട് കാനഡ പൗരത്വം നല്‍കുകയായിരുന്നു. ഏത് വര്‍ഷം പൗരത്വം നല്‍കിയെന്ന കാര്യം സംബന്ധിച്ചും ഇന്ത്യ- കാനഡ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നിജ്ജാറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കാനഡ ഇയാള്‍ക്ക് പൗരത്വം നല്‍കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.. 2020 ജൂലൈയില്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അറിവോടെയാണ് നിജ്ജാര്‍ കൊല്ലപ്പെട്ടതെന്നാണ് കാനഡ ആരോപിക്കുന്നത്.

Read more

ഫൈവ് ഐസ് ഇന്റലിജന്‍സ് ഷെയറിംഗ് സഖ്യം ഇത് സംബന്ധിച്ച വിവരങ്ങള്‍ കാനഡയുമായി പങ്കുവച്ചിരുന്നു. എന്നാല്‍ ഏത് അംഗമാണ് ഇന്ത്യന്‍ നയതന്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതെന്ന് പറയാന്‍ കാനഡ തയ്യാറായിട്ടില്ല. മാത്രമല്ല ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പങ്കാളിത്തം നിഷേധിച്ചിട്ടില്ലെന്നും കാനഡ ആരോപിക്കുന്നുണ്ട്.