ആദ്യമായി പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരണത്തിന് കീഴടങ്ങി. 62കാരനായ റിച്ചാര്‍ഡ് സ്ലേമാനാണ് അന്തരിച്ചത്. ചരിത്ര സംഭവമായിരുന്നു ജീവിച്ചിരിക്കുന്ന ഒരാളില്‍ പന്നിയുടെ വൃക്ക മാറ്റിവച്ച ശസ്ത്രക്രിയ. നേരത്തെ പരീക്ഷണാര്‍ത്ഥം മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ പന്നിയുടെ വൃക്കകള്‍ താത്കാലികമായി മാറ്റിവച്ചിരുന്നു.
മാര്‍ച്ച് 21ന് ആയിരുന്നു ശാസ്ത്ര ലോകത്ത് ചരിത്രം രചിച്ച ശസ്ത്രക്രിയ. മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. രണ്ടാഴ്ച വരെ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷമാണ് റിച്ചാര്‍ഡിന്റെ ശസ്ത്രക്രിയ വിവരം പുറംലോകം അറിഞ്ഞത്.
റിച്ചാര്‍ഡ് സ്ലേമാന്റെ മരണകാരണം വ്യക്തമല്ല. വൃക്ക മാറ്റിവച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളല്ല മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. നേരത്തെ പന്നിയുടെ ഹൃദയം മാറ്റിവച്ച രണ്ടുപേര്‍ രണ്ട് മാസത്തിന് ശേഷം മരിച്ചിരുന്നു.