വിമര്‍ശനങ്ങള്‍ മടുത്തു; അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് ട്രംപിന്റെ ക്രിസ്മസ് സമ്മാനം

അമേരിക്കന്‍ കുടുംബങ്ങള്‍ക്കും പ്രാദേശിക കമ്പനികള്‍ക്കും വമ്പന്‍ സമ്മാനമാണ് ട്രംപ് ഈ ക്രിസ്മസിന് ഒരുക്കിയിരിക്കുന്നത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും, ശമ്പളവര്‍ധനവും, കൂടാതെ നികുതിയില്‍ വമ്പന്‍ ഇളവും നല്‍കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍, ക്രിസ്മസ് സമ്മാനമായി നികുതിയില്‍ ഇളവ് നല്‍കുമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ പ്രസിഡന്റ് നടപ്പാക്കാന്‍ പോകുന്നത്.

“ക്രിസ്തുമസിന് ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു. ഞങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് അത്ഭുതകരമായ വിജയം നല്‍കുകയാണ്. ഇത്തവണത്തെ ക്രിസ്തുമസിന് വമ്പന്‍ നികുതി ഇളവാണ് സമ്മാനമായി നല്‍കുന്നതെന്ന്” വൈറ്റ് ഹൗസില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമുമ്പില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.

ഇപ്പോഴത്തെ നികുതിവ്യവസ്ഥകള്‍ സങ്കീര്‍ണ്ണവും, സമത്വമില്ലാത്തതുമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഒട്ടേറെ പേരുടെ ജോലി നഷ്ടപ്പെടുന്നതിനും , കമ്പനികള്‍ അടച്ചുപൂട്ടുന്നതിനും കാരണമായിരുന്നു ആദ്യത്തെ നികുതിവ്യവസ്ഥകള്‍. അവസരങ്ങള്‍ കുറഞ്ഞ ഒരു തലമുറയിലായിരിക്കുമോ തങ്ങളുടെ കുഞ്ഞുങ്ങള്‍ ജനിക്കുക എന്ന ആശങ്കയിലായിരുന്നു ഇത്രയും നാള്‍ അമേരിക്കയിലെ രക്ഷിതാക്കളെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ ഇനി അത്തരം അനിഷ്ടകാര്യങ്ങള്‍ സംഭവിക്കാന്‍ അനുവദിക്കില്ലെന്നും കഴിഞ്ഞ ദശകങ്ങളില്‍ ബിസിനസ് രംഗത്ത് ഉണ്ടായ നഷ്ടം ഇനി ആവര്‍ത്തിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.