അമേരിക്കയിൽ വീണ്ടും വിമാനാപകടം; ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു, വിമാനത്തിൽ 6 പേർ, വീടുകൾക്ക് തീപിടിച്ചു

അമേരിക്കയിൽ വീണ്ടും വിമാനദുരന്തം. ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

രോ​ഗിയായ കുഞ്ഞുൾപ്പെടെ യാത്ര പോയ വിമാനമാണ് തക‍ർന്നുവീണതെന്നാണ് വിവരം. റൂസ്‌വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. മിസ്സോറി സംസ്ഥാനത്തേക്ക് പറക്കുകയായിരുന്ന ചെറു വിമാനം അപകടത്തിൽ പെടുകയായിരുന്നു. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ട‍മാരും കുഞ്ഞും കുടുംബാം​ഗവുമാണ് ഉണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകളിൽ തീ പടർന്നു. ഈ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്തിൽ ആറ് പേർ ഉണ്ടായിരുന്നുവെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു.