ഗാസ ഏറ്റെടുക്കുന്നതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്‌താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്. ഗാസയിൽ വംശീയ ഉന്മൂലനം നടത്തണമെന്നും പലസ്തീൻക്കാരെ മറ്റൊരിടത്ത് മാറ്റാനും യുദ്ധത്തിൽ തകർന്ന പ്രദേശം അമേരിക്ക ഏറ്റെടുക്കുമെന്നുമായിരുന്നു ഡോണൾഡ് ട്രംപിൻ്റെ പ്രസ്‌താവന. എന്നാൽ ഗാസയിൽ വംശീയ ഉന്മൂലനം ഒഴിവാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
പരിഹാരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ പ്രശ്‌നം കൂടുതൽ വഷളാക്കരുത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കേണ്ടതാണ്. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണം. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം അകലുകയാണെന്നും ന്യൂയോർക്കിലെ യു എൻ യോഗത്തിൽ ഗുട്ടറെസ് അഭിപ്രായപ്പെട്ടു.
വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് ഗാസ ഏറ്റെടുക്കുന്നതായി ട്രംപ് പ്രഖ്യാപനം നടത്തിയത്. പലസ്‌തീനികളെ ഗാസയിൽ നിന്ന് പുറത്താക്കണമെന്ന ലക്ഷ്യമാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനത്തിനു പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധത്തിൽ തകർന്ന ഗാസയെ അമേരിക്ക ഏറ്റെടുക്കാൻ തയ്യാറാണ്. ഗാസയിലെ ജനങ്ങളെ പുനരധിവസിപ്പിക്കും.
Read more
അവശേഷിക്കുന്ന ബോംബുകളെല്ലാം നിർവീര്യമാക്കും. തൊഴിലുകളും പുതിയ ഭവനങ്ങളും നിർമിക്കും. മിഡിൽ ഈസ്റ്റിലെ കടർത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കുമെന്നും ട്രംപ് അറിയിച്ചു. ഗാസയിലെ സുരക്ഷക്കായി ആവശ്യപ്പെട്ടാൽ അമേരിക്കൻ സൈന്യത്തെ അയക്കാനും തയ്യാറാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.