നിങ്ങൾ എഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണോ? പണികിട്ടും, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

എഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. രാജ്യത്തെ പൗരന്മാരോടും ജനങ്ങളോടും എഐ ആപ്പുകളെ വിശ്വസിക്കരുതെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തി​ഗത വിവരങ്ങൾ കൈമാറുമ്പോൾ അത് അപകടകരമാണെന്നാണ് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

ഒരു എഐ ആപ്പ് ഉപയോ​ഗിക്കണമെങ്കിൽ വ്യക്തി​ഗത വിവരങ്ങൾ നൽകേണ്ടതുണ്ട്. ഫോണിലെ ഡാറ്റയും ചിത്രങ്ങളും ഉപയോ​ഗിക്കാനുള്ള അനുമതി ആപ്പ് ഇൻസ്റ്റോൾ ചെയ്യുന്ന സമയത്തു തന്നെ നൽകുന്നുണ്ട്. വായിച്ചുനോക്കാതെയാണ് അനുമതി നൽകുന്നത്. ഇത് ഭാവിയിൽ പലതരത്തിൽ അപകടങ്ങൾക്ക് വഴിവെക്കും. ഡീപ് ഫേക്ക് വീഡിയോകോൾ, ന്യൂഡ് ചിത്രങ്ങൾ എന്നിവ പ്രചരിക്കാനും കാരണമാകും. കൂടാതെ സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനും ഇതുവഴി സാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ചാറ്റ്ബോട്ട്സ്, ചാറ്റ് ജിപിടി എന്നിവയിൽ വിവിരങ്ങൾ നൽകുമ്പോൾ സൂക്ഷിക്കണമെന്നും പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരുപാട് പേർ വിവിരങ്ങൾ ശേഖരിക്കാൻ വേണ്ട ഇത്തരം ആപ്പുകളെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ നൽകുന്നത് അപകടമാണ്. അതേസമയം നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിരവധി സൈബർ തട്ടിപ്പുകൾ നടന്നുവരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.