ആഭ്യന്തര കലാപത്തിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണം നേരിടുന്നതില്‍ ഏറെയും ഹിന്ദുക്കളാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹിന്ദുക്കള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
രാജ്യത്ത് ഹിന്ദുക്കളായ അധ്യാപകര്‍ക്ക് ഉള്‍പ്പെടെ തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹിന്ദുക്കളായ അധ്യാപകരെ ജോലിയില്‍ നിന്ന് ബലപ്രയോഗത്തിലൂടെ രാജിവയ്പ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്നത്.
50ഓളം ഹിന്ദു അധ്യാപകരെയാണ് രാജ്യത്ത് വധഭീഷണി മുഴക്കി അക്രമികള്‍ രാജിവയ്പ്പിച്ചത്. വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയ ശേഷം രാജിക്കത്ത് എഴുതി ചേര്‍ക്കുന്നതും ബംഗ്ലാദേശില്‍ തുടര്‍ക്കഥയാകുന്നുണ്ട്. പലയിടങ്ങളിലും പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വളഞ്ഞിട്ട് രാജിക്കത്ത് എഴുതി വാങ്ങുകയും ചെയ്തിരുന്നു.
ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ അനുകൂലിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ രാജ്യത്ത് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിലെ ഉദ്യോഗസ്ഥരില്‍ പലരും കൊല്ലപ്പെടുകയായിരുന്നു.