പൗരന്മാർ ഇന്ത്യയിൽ നിന്ന് മടങ്ങി വരുന്നത് വിലക്കി ഓസ്‌ട്രേലിയ; ലംഘിച്ചാൽ അഞ്ച് വർഷം ജയിൽ, പിഴ

ഓസ്‌ട്രേലിയൻ പൗരന്മാരും നിവാസികളും ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നത് വിലക്കുമെന്നും നിയമലംഘനം നടത്തുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ.

തങ്ങളുടെ പൗരന്മാർ നാട്ടിലേക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതാണ് വെള്ളിയാഴ്ച വൈകി ഓസ്‌ട്രേലിയ പുറപ്പെടുവിച്ച താത്കാലിക അടിയന്തര തീരുമാനം.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കോവിഡ് -19 കേസുകളും മരണങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണ് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കാരെ തടയുന്നതിനുള്ള കർശന നടപടി.

മെയ് മൂന്ന് മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും, യാത്രാ നിരോധനം ലംഘിക്കുന്നത് പിഴയും അഞ്ച് വർഷം വരെ തടവും അനുഭവികേണ്ടി വരുന്ന കുറ്റമാണെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പ്രസ്താവനയിൽ പറഞ്ഞു.

“സർക്കാർ ഈ തീരുമാനങ്ങൾ നിസ്സാരമായി എടുക്കുന്നില്ല, ഓസ്ട്രേലിയൻ പൊതുജനാരോഗ്യത്തിന്റെയും ക്വാറന്റീൻ  സംവിധാനങ്ങളുടെയും സമഗ്രത നിർണ്ണായകമാണ്, കൂടാതെ ക്വാറന്റീൻ സൗകര്യങ്ങളിലുള്ള കോവിഡ്-19 കേസുകളുടെ എണ്ണം കൈകാര്യം ചെയ്യാവുന്ന തലത്തിലേക്ക് കുറയ്ക്കുകയും വേണം.” ഗ്രെഗ് ഹണ്ട് പറഞ്ഞു.

മെയ് 15 ന് ഓസ്‌ട്രേലിയൻ സർക്കാർ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കും.