അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

റഷ്യയിലേക്ക് പോയ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 പേര്‍ മരിച്ചു. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനിടയില്‍ തകര്‍ന്നുവീണു കത്തിയമര്‍ന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമടക്കം 67പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 28 പേര്‍ രക്ഷപ്പെട്ടതായി കസാഖ്സ്ഥാന്‍ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

രക്ഷപ്പെട്ടവരില്‍ 11ഉം 16 ഉം വയസ്സുള്ള പെണ്‍കുട്ടികളുമുണ്ട്. 39 മരണം സ്ഥിരീകരിച്ചതായി കസാഖ്സ്ഥാന്‍ മിനിസ്ട്രി ഓഫ് എമര്‍ജന്‍സീസ് അറിയിച്ചു.് പിന്നാലെ 25 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കനത്ത മൂടല്‍ മഞ്ഞ് കാരണം യാത്രാവിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. ഇതോടെ അക്തൗ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് ശ്രമിക്കവേയാണ് അപകടം നടന്നത്.

അപകടത്തിനു മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യാന്‍ പലതവണ ശ്രമിച്ചിരുന്നു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കത്തിയമര്‍ന്ന് വിമാനം നിലത്തേക്ക് പതിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം അക്തൗ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമെത്തിയപ്പോള്‍ സാങ്കേതിക പ്രതിസന്ധി മൂലം അടിയന്തര ലാന്‍ഡിംഗ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ അസര്‍ബൈയിജാന്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ ഇആര്‍ജെ-190 എന്ന വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായില്ല.

ഒരു കൂട്ടം പക്ഷികള്‍ വിമാനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ആദ്യ റിപ്പോര്‍ട്ട്. പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്റ്റിയറിംഗ് തകരാറോ ഒരു എഞ്ചിന് കേടുപാടുകള്‍ വരുത്തിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൈലറ്റുമാര്‍ വേഗവും ഉയരവും വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായാണ് വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ തകര്‍ന്നു വീണത്. വിമാനം പൊങ്ങിയും താണും പറക്കുന്നതും അതിവേഗം ഉയരത്തിലെത്താന്‍ ശ്രമിക്കുന്നതും എന്നാല്‍ പൊടുന്നനെ നിയന്ത്രണം നഷ്ടപ്പെട്ടു താഴേക്ക് പതിച്ചു പൊട്ടിത്തെറിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read more

വിമാനം തകര്‍ന്നതിനു പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.