അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നുവീണ് കാണാതായ ആറുപേരും മരിച്ചതായി നിഗമനം. ഇവർക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് കണ്ടുകിട്ടാത്ത ആറുപേരും.
പടാപ്സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലത്തിലാണ് സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ചരക്കു കപ്പല്‍ ഡാലി ഇന്നലെ ഇടിച്ചുകയറിയത്. അപകടത്തില്‍ നിരവധി വാഹനങ്ങളും പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നിരവധി വാഹനങ്ങളും നദിയില്‍ വീണിട്ടുണ്ടെന്നാണ് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ എട്ട് നിര്‍മാണത്തൊഴിലാളികളും പടാപ്സ്‌കോ നദിയിലേക്ക് വീണിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
തൊഴിലാളികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ മറ്റ് ആറ് പേര്‍ മരിച്ചിക്കാം എന്നാണ് അധികൃതര്‍ നല്‍കുന്ന പ്രതികരണം. അപകട സമയവും പുഴയുടെ ആഴവും ഏറെ പ്രധാനമാണെന്നും അപകടത്തില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികളുടെ കമ്പനിയായ ബ്രൗണര്‍ ബില്‍ഡേഴ്സിലെ സീനിയര്‍ എക്സിക്യൂട്ടീവ് ജെഫ്രി പ്രിറ്റ്സ്‌കര്‍ പറഞ്ഞു.
അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. അപകടത്തില്‍പ്പെട്ട കപ്പല്‍ നിലവില്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. മലയാളിയ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെതാണ് സിനര്‍ജി കമ്പനി. അപകടം നടക്കുമ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്നതെല്ലാം ഇന്ത്യക്കാരായ ജീവനക്കാരായിരുന്നു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതസുരക്ഷാ വിഭാഗത്തിന്‍റെ 24 അംഗ സംഘമാണ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.