ആഭ്യന്തര കലാപത്തിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന ബംഗ്ലാദേശ് ജനതയുടെ ജീവിതം മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ കൂടുതല്‍ ദുസ്സഹമാക്കുന്നു. ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രമുള്ള കറന്‍സി നോട്ടുകള്‍ പുറത്തുവിടാതെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ജനതയെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളുന്നത്.
രാജ്യത്തുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആഭ്യന്തര കലാപത്തിന് വഴിമാറിയതോടെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയോടുള്ള വൈര്യം പിതാവും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാനുമെതിരായി മാറുകയായിരുന്നു. ആഭ്യന്തര കലാപ കാലത്ത് തന്നെ മുജീബുര്‍ റഹ്‌മാനുമായി ബന്ധമുള്ള പ്രതീകങ്ങളെല്ലാം വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.
ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് പുറത്താക്കി ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബംഗ്ലാദേശില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നത്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുജീബുര്‍ റഹ്‌മാനുമായി ബന്ധമുള്ള പ്രതീകങ്ങളെല്ലാം ഇടക്കാല സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.
നോട്ടുകളിലെ രാഷ്ട്രപിതാവിന്റെ ചിത്രവും നീക്കം ചെയ്യാനാണ് ഇടക്കാല സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പ്രഖ്യാപനത്തിന് മുന്‍പ് പ്രിന്റ് ചെയ്ത കോടികളുടെ നോട്ടുകള്‍ ബാങ്കുകള്‍ റിസര്‍വ് ചെയ്തിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഈ നോട്ടുകള്‍ പുറത്തിറക്കാന്‍ ഇടക്കാല സര്‍ക്കാര്‍ അനുവദിക്കുന്നില്ല.
കഴിഞ്ഞ മാസമാണ് നോട്ടുകള്‍ ജനങ്ങള്‍ക്ക് കൈമാറരുതെന്നും റിസര്‍വില്‍ തന്നെ സൂക്ഷിക്കാനും ബംഗ്ലാദേശ് കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.പുതിയ കറന്‍സികള്‍ വിപണിയിലെത്താതെ വന്നതോടെ ജനങ്ങളാകെ ബുദ്ധിമുട്ടിലാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read more
അച്ചടി കഴിഞ്ഞ കോടിക്കണക്കിന് ബാങ്ക് നോട്ടുകള്‍ വിവിധ ബാങ്കുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്ലാ നോട്ടുകളും പിന്‍വലിച്ച് പുതിയത് അച്ചടിക്കാന്‍ നിലവില്‍ സര്‍ക്കാരിന് കഴിയില്ല. അച്ചടിച്ച നോട്ടുകളെങ്കിലും ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.