സര്‍ക്കാര്‍ ജോലികളിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രതിഷേധം കലാപമായതിന് പിന്നാലെ അടിച്ചൊതുക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍. മരണസംഖ്യ ഉയര്‍ന്നതോടെ ബംഗ്ലാദേശില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
നേരത്തേ തലസ്ഥാനമായ ധാക്കയില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധങ്ങള്‍ ശമിക്കാത്ത പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികള്‍. രാജ്യത്ത് നിശാനിയമവും പ്രഖ്യാപിച്ചു. നിയമം ലംഘിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാന്‍ പോലീസിനു നിര്‍ദേശമുണ്ട്.
തലസ്ഥാനമായ ധാക്കയിലെ പ്രധാനതെരുവുകളിലെല്ലാം പട്ടാളം നിലയുറപ്പിച്ചു. റോഡുകളടച്ചു. പുറത്തിറങ്ങിയവരെ തിരിച്ചറിയല്‍രേഖകള്‍ പരിശോധിച്ചാണ് കടത്തിവിട്ടത്.
സ്‌പെയിന്‍, ബ്രസീല്‍ സന്ദര്‍ശനം പ്രധാനമന്ത്രി ശൈഖ് ഹസീന റദ്ദാക്കി. രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കയാണ്.
പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ (ബി.എന്‍.പി.) പിന്തുണയും സമരത്തിനുണ്ട്. തൊഴില്‍നിയമനങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമുള്‍പ്പെടെ സര്‍ക്കാര്‍സര്‍വീസില്‍ നിലവില്‍ 56 ശതമാനമാണ് ആകെ സംവരണം. 17 കോടിപ്പേരുള്ള രാജ്യത്ത് 3.2 കോടി യുവാക്കളാണ് തൊഴില്‍രഹിതര്‍.
വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന പ്രകടനങ്ങള്‍ വലിയ സംഘര്‍ഷത്തിലാണ് കലാശിക്കുന്നത്. 135 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. കലാപം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സൈനിക നടപടി ആരംഭിക്കുന്നതോടെ ഇന്ത്യയിലേക്ക് വന്‍ പാലായനം നടക്കുമെന്നാണ് കണക്കാക്കുന്നത്.
പ്രധാനമന്ത്രി ഷേക് ഹസീനയുടെ സര്‍ക്കാര്‍ 2018ല്‍ സംവരണം എടുത്തുകളഞ്ഞതാണ്. എന്നാല്‍ ജൂണില്‍ ഹൈക്കോടതി സംവരണം പുനഃസ്ഥാപിച്ചതോടെയാണു പ്രതിഷേധം ആരംഭിച്ചത്. തൊഴിലില്ലായ്മ വര്‍ധിച്ചതും വിലക്കയറ്റം പോലുള്ള സാമ്പത്തികപ്രശ്‌നങ്ങളുമാണ് വിദ്യാര്‍ഥികളെ പ്രതിഷേധത്തിലേക്കു തള്ളിവിടുന്നത്.