വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ബംഗ്ലാദശ്. ബംഗ്ലാദശ് പൊലീസിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ആണ് ഇതിനായി ഇന്റര്‍പോളിനെ സമീപിച്ചിരിക്കുന്നത്.
2024 ഓഗസ്റ്റ് 8ന് ആയിരുന്നു ബംഗ്ലാദേശിന്റെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ ഹസീനയ്ക്കും മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍-ഉപദേഷ്ടാക്കള്‍ തുടങ്ങിയവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഷെയ്ഖ് ഹസീനയ്ക്കായി ഇന്റര്‍പോളിന്റെ സഹായം ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാലസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഷെയ്ഖ് ഹസീന ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയെ കൂടാതെ 11 പേര്‍ക്കെതിരെയും ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.
Read more
കോടതികള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയവരില്‍നിന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.