മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശും ബംഗ്ലാദേശി മോഡലുമായ മേഘ്‌ന ആലം അറസ്റ്റില്‍. സ്‌പെഷ്യല്‍ പവര്‍ ആക്ട് പ്രകാരമാണ് മേഘ്‌നയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെക്കുറിച്ച് മേഘ്ന തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് മേഘ്‌ന ആലത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ മേഘ്‌ന ആലം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ബംഗ്ലാദേശ് ഭരണകൂടം ആരോപിക്കുന്നത്. നേരത്തെ സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെതിരെ മേഘ്‌ന ഒട്ടേറെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഏപ്രില്‍ 9ന് ധാക്കയിലെ വീട്ടില്‍നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മേഘ്‌ന ഫേയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ധാക്ക കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കാഷിംപുര്‍ ജയിലിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മേഘ്‌നയുടെ അറസ്റ്റിനെതിരേ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ മേഘ്നയുടെ അറസ്റ്റില്‍ ആശങ്കയറിയിച്ചു. ഒന്നുകില്‍ അവര്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കാവുന്ന കുറ്റം ചുമത്തണമെന്നും അല്ലെങ്കില്‍ അവരെ വിട്ടയക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനുമായി മേഘ്‌ന അടുപ്പത്തിലായിരുന്നുവെന്ന് യുവതിയുടെ പിതാവ് അറിയിച്ചു. നയതന്ത്ര ഉദ്യോഗസ്ഥന്റെ വിവാഹ അഭ്യര്‍ത്ഥന മേഘ്‌ന നിരസിച്ചിരുന്നതായും പിതാവ് വ്യക്തമാക്കി.