ബ്രിട്ടന്റെ സാമ്പത്തിക മേഖല തകരുന്നുവെന്ന മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം പോകുന്നതെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ ഋഷി സുനക് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് പിന്നാലെ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേക്ക് കടന്നിരുന്നു. ഇതും രാജ്യത്തെ രക്ഷിക്കില്ലെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്നത്.
ഇന്‍കം ടാക്‌സും നാഷനല്‍ ഇന്‍ഷുറന്‍സും വാറ്റും എല്ലാം വര്‍ധിപ്പിച്ച് 50 ബില്യണ്‍ പൗണ്ടിന്റെ ധനക്കമ്മി മറികടക്കാനുള്ള ആലോചനയിലാണ് പുതിയ സര്‍ക്കാരെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എല്ലാവരിലേക്കും കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഋഷി ചെയ്യുന്നത്. 30 വര്‍ഷത്തിനിടയില്‍ ഇന്നലെ ആദ്യമായി വലിയ തോതില്‍ വായ്പാനിരക്ക് ബ്രിട്ടന്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തിയത്.
വായ്പാനിരക്ക് മൂന്ന് ശതമാനമായാണ് ഉയര്‍ത്തിയത്. 1989 ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന തോതില്‍ വായ്പാനിരക്ക് ഉയര്‍ത്തുന്നത്. 1989ല്‍ അരശതമാനത്തിന് മുകളിലാണ് പലിശനിരക്ക് ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് രാജ്യം ദൈര്‍ഘ്യമേറിയ മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പായി നല്‍കിയത്. വേനല്‍ക്കാലത്ത് ആരംഭിച്ച മാന്ദ്യം 2024 പകുതി വരെ നിലനില്‍ക്കാനുള്ള സാധ്യതയാണ് ബാങ്ക് പ്രവചിക്കുന്നത്.
ഇന്നലെ മാത്രം പലിശനിരക്കില്‍ മുക്കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ എട്ടുതവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ പണപ്പെരുപ്പനിരക്ക് ഇരട്ട അക്കത്തിലാണ്.
സാമ്പത്തിക പ്രതിസന്ധിയെ മറിടകടക്കാന്‍ അതിശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലിശനിരക്കിലെ വര്‍ധന മോര്‍ഗേജ് നിരക്കുകളെയും ബാങ്ക് ലോണ്‍ പലിശയെയും ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകളെയും കാര്‍ ലോണിനെയുമെല്ലാം നേരിട്ടു ബാധിക്കും.
ബ്രിട്ടനില്‍ പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും വലിയ നിരക്കിലാണ്. ഇതിനെ ചെറുക്കാനുള്ള പദ്ധതികളുടെ ഭാഗമാണു പലിശനിരക്കിലെ ഈ വര്‍ധന. എന്നാല്‍ ഇതു സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് ആക്കം കൂട്ടുമെന്നാണു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം പുറത്തുവന്നതോടെ ഡോളറിനെതിരായ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ശക്തമായ നടപടികള്‍ ഇപ്പോള്‍ സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടമുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.
ഡോളറിനെതിരെ പൗണ്ട് അതിന്റെ എക്കാലത്തെയും താഴ്ന്ന നിലയിലാണ്. 1956 ലെ സൂയസ് പ്രതിസന്ധിയോടാണ് ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക സ്ഥതിയെ വിദഗ്ദര്‍ വിശേഷിപ്പിക്കുന്നത്.
ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരുന്ന ബ്രിട്ടനെ അടുത്തിടെ ഇന്ത്യ മറികടന്നിരുന്നു. എന്നാല്‍, ഇന്ത്യയുടെ ഈ നേട്ടം ദീര്‍ഘകാലത്തേക്ക് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവിലെ ബ്രിട്ടന്റെ സാമ്പത്തിക തകര്‍ച്ച ഇന്ത്യയുടെ നേട്ടത്തിന് തിരിച്ചടിയാകില്ലെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.
ഇന്ത്യ 2021ലെ അവസാന മൂന്ന് മാസങ്ങളിലാണ് യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത്. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടല്‍.
Read more
അനിയന്ത്രിതമായ വിലക്കയറ്റവും രാഷ്ട്രീയത്തിലെ അനിശ്ചിത്വവുമാണ് ബ്രിട്ടന് വലിയ ആഘാതം ഏല്‍പ്പിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അഭിപ്രായത്തില്‍ മാന്ദ്യം 2024 വരെ നീണ്ടുനില്‍ക്കും. ഇതിനു വിപരീതമായി, ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്ന് ചിലര്‍ പ്രവചിക്കുന്നുണ്ട്. ഈ പാദത്തില്‍ ഇന്ത്യന്‍ സ്റ്റോക്കുകളില്‍ വലിയ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്. എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലുപ്പം പണത്തിന്റെ അടിസ്ഥാനത്തില്‍ 854.7 ബില്യണ്‍ ഡോളറാണ്. അതേസമയം യുകെയുടേത് 816 ബില്യണ്‍ ഡോളറായിരുന്നു.