ശമ്പളത്തിലെ വിവേചനം; ഇതാ ഒരു ബി ബി സി മാതൃക

വനിതാ ജീവനക്കാരോട് ശമ്പള വിവേചനം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് ബിബിസിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസി രാജിവച്ചിരുന്നു. കാരി ഗ്രേസിയുടെ ഈ നടപടിക്ക് പരസ്യ പിന്തുണയുമായി എത്തിയിരിക്കുകയാണ് ബി ബി സിയിലെ ആറ് പുരുഷ അവതാരകര്‍.കേവലം പ്രസ്താവന നടത്തിയൊ ഫെയ്‌സ്ബുക്കിലൊ ട്വിറ്ററിലൊ പോസ്റ്റിട്ടുമല്ല ഇവര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജി വെച്ച സഹപ്രവര്‍ക കാരി ഗ്രേസിക്ക് പിന്തുണ പ്രഖ്യാപിച്ച ആറ് പുരുഷ സഹപ്രവര്‍ത്തകര്‍ സ്വമേധയാ തങ്ങളുടെ ശമ്പളം കുറയ്ക്കുകയാണ്. ബിബിസിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഹ്യു എഡ്വാര്‍ഡ്‌സ്, നിക്കി കാമ്ബല്‍, ജോണ്‍ ഹംഫ്രിസ്, ജോണ്‍ സോപല്‍, നിക് റോബിന്‍സണ്‍, ജെര്‍മി വിനെ എന്നിവരാണ് ശമ്പളം കുറയ്ക്കാന്‍ തയാറായത്. ഒപ്പം ഈ പ്രശ്‌നം പരിഹരിക്കണമെന്നും താന്‍ തന്റെ വനിതാ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതായും ജെര്‍മി വിനെ പറഞ്ഞു.

വര്‍ഷത്തില്‍ ഒന്നര ലക്ഷം പൗണ്ടില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക ഈ അടുത്ത് ബിബിസി പുറത്തു വിട്ടിരുന്നു. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ എഡിറ്റര്‍മാര്‍ അതേ തസ്തികയിലുള്ള വനിതകളേക്കാള്‍ ഇരട്ടിയിലധികം ശമ്പളം വാങ്ങുന്നതായി ബിബിസി ജൂലൈയില്‍ പുറത്തു വിട്ട പട്ടികയില്‍ നിന്ന് വ്യക്തമായിരുന്നു. കമ്പനിയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതയ്ക്കു കിട്ടുന്നതിന്റെ അഞ്ചിരട്ടിയാണു പുരുഷ സഹപ്രവര്‍ത്തകനു ലഭിച്ചിരുന്നത്. ഇതോടെയാണ് കമ്പനിയിലെ ശമ്പളവിവേചനത്തിനെതിരെ വന്‍ വിവാദം ഉയര്‍ന്നതും,കാരി ഗ്രേസിയുടെ രാജിയിലേക്ക് നയിച്ചതും.

ശമ്പളം കുറയ്ക്കാന്‍ തീരുമാനമെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃതജ്ഞത അറിയിക്കുന്നതായി ബിബിസി പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ ഉല്‍കൃഷ്ഠരായ മാധ്യപ്രവര്‍ത്തകരും അവതാരകരുമാണ്. ബിബിസിയില്‍ ഇവര്‍ ജോലിചെയ്യുന്നു എന്നത് തങ്ങള്‍ക്ക് അഭിമാനകരമാണെന്നും പ്രസ്താവന പറയുന്നു. ഗ്രേസിക്ക് പിന്തുണയുമായി #IStandWithCarrie  എന്ന ഹാഷ് ടാഗില്‍ ബിബിസി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്.