ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പാലിക്കില്ലെന്ന് ബെൽജിയം പ്രഖ്യാപിച്ചതായി ഖുഡ്‌സ് ന്യൂസ് നെറ്റ്‌വർക്ക് വിആർടി റിപ്പോർട്ട് ചെയ്തു. ബെൽജിയൻ പ്രധാനമന്ത്രി ബാർട്ട് ഡി വെവർ കഴിഞ്ഞ ആഴ്ച വിആർടിക്ക് നൽകിയ അഭിമുഖത്തിൽ ഈ നീക്കത്തെ ന്യായീകരിച്ചു.
നെതന്യാഹു സന്ദർശിച്ചാൽ ബെൽജിയം അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. “റിയൽ പൊളിറ്റിക് എന്നൊരു കാര്യമുണ്ട്. ധാർമ്മിക പരിഗണനകളേക്കാൾ പ്രായോഗിക പരിഗണനകൾ മുന്നിലാണ്.” അദ്ദേഹം പറഞ്ഞു. ഗാസയിൽ നടന്ന യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും നെതന്യാഹുവിനും അന്നത്തെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നിട്ടും, നെതന്യാഹു യുഎസും ഹംഗറിയും സന്ദർശിക്കുകയും ഫ്രഞ്ച് വ്യോമാതിർത്തി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. മിക്ക യൂറോപ്യൻ രാജ്യങ്ങളും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുമെന്ന് ഡി വെവർ പറഞ്ഞു. “ഫ്രാൻസ് അങ്ങനെ ചെയ്യില്ല, ഞങ്ങളും അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.” അദ്ദേഹം വിആർടിയോട് പറഞ്ഞു. അറസ്റ്റ് നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വാദിച്ചു.