തുടർച്ചയായി രണ്ടാം വർഷവും പലസ്തീൻ നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2024ലെ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കുന്നതായി ബെത്‌ലഹേം മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. യേശുവിൻ്റെ ജന്മസ്ഥലമാണ് ബെത്‌ലഹേം. അതിനാൽ, ഇവിടെ ക്രിസ്മസ് ആഘോഷങ്ങൾ എല്ലായ്പ്പോഴും വളരെ സവിശേഷമായ ഒരു സംഭവമാണ്. ആയിരക്കണക്കിന് സന്ദർശകരും വിനോദസഞ്ചാരികളും ബെത്‌ലഹേമിലെ ആഘോഷങ്ങൾ കാണാൻ നഗരത്തിൽ തടിച്ചു കൂടാറുണ്ടായിരുന്നു.
ക്രിസ്മസിന്റെ ഭാഗമായുള്ള എല്ലാ ആഘോഷങ്ങളും റദ്ദാക്കുമെന്നും പ്രാർത്ഥനകൾക്കും മതപരമായ ആചാരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നും ബെത്‌ലഹേം മുനിസിപ്പൽ ബോഡി അറിയിച്ചു. ആഘോഷങ്ങൾ റദ്ദാക്കുന്നത് ഗസയിലും പലസ്തീനിലുടനീളമുള്ള അനീതികളുടെ പേരിലെന്ന് ബെത്‌ലഹേം ഗവർണറേറ്റ് ഊന്നിപ്പറഞ്ഞു. “ഗസയും പലസ്തീനും നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെയുള്ള നിലപാടെന്ന നിലയിലാണ് ക്രിസ്മസ് ആഘോഷങ്ങൾ പ്രാർത്ഥനയിൽ ഒതുക്കാൻ ഞങ്ങൾ തീരുമാനിച്ചത്.” പ്രാദേശിക പൗരസമിതിയുടെ തീരുമാനം സ്ഥിരീകരിക്കുന്നതിനായി മേയർ ആൻ്റൺ സൽമാൻ പറഞ്ഞു.
ഗസയിൽ തുടരുന്ന ആക്രമണത്തെ ബെത്‌ലഹേം മേയർ അന്റോൺ സൽമാൻ ശക്തമായി അപലപിച്ചു. ഇസ്രയേലി കൂട്ടക്കൊലകൾക്ക് മുന്നിൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ മൗനത്തെ അദ്ദേഹം വിമർശിച്ചു. ഇസ്രായേൽ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഗൗരവമേറിയതും അടിയന്തിരവുമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2023 ഒക്‌ടോബർ 7 മുതൽ ഇസ്രായേൽ കർശന നിയന്ത്രണങ്ങൾക്ക് കീഴിലുള്ള ബെത്‌ലഹേമിൻ്റെ പോരാട്ടങ്ങളെ മേയർ എടുത്തുകാട്ടി.
ഈ നടപടികൾ നഗരത്തെ അതിൻ്റെ ഫലസ്തീൻ ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെടുത്തുകയും വിനോദസഞ്ചാരം നിർത്തുകയും തീർഥാടകർക്ക് അതിൻ്റെ വാതിലുകൾ അടയ്ക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “സാമ്പത്തിക ബുദ്ധിമുട്ടുകൾ വഷളായി, താമസക്കാർ കൂടുതൽ ഒറ്റപ്പെട്ടതായി മാറി” സൽമാൻ പറഞ്ഞു. പാശ്ചാത്യ വിഭങ്ങൾക്കായി ഡിസംബർ 24 മുതൽ 25 വരെ ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ അർദ്ധരാത്രി കുർബാനയോടെ ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങൾ പരമ്പരാഗതമായി ആരംഭിക്കുന്നു. അതേസമയം പൗരസ്ത്യ സഭകൾ ജനുവരി 7നാണ് ആഘോഷിക്കുന്നത്.
യേശു ജനിച്ച ഗ്രോട്ടോയ്ക്ക് മുകളിൽ നിൽക്കുന്നതായി വിശ്വസിക്കപ്പെടുന്ന നേറ്റിവിറ്റി ചർച്ചിൽ പ്രാർത്ഥനകൾ തുടരും. 2023 -ലും ബെത്‌ലഹേം മുനിസിപ്പാലിറ്റി “ഗസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ വിലാപത്തിനും ബഹുമാനത്തിനും” ബെത്‌ലഹേമിൽ പരമ്പരാഗത ക്രിസ്മസ് ആഘോഷങ്ങൾ നടത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തെ വിമർശിച്ചെങ്കിലും ക്രിസ്ത്യൻ ബിഷപ്പുമാരും സമുദായ നേതാക്കളും തീരുമാനത്തെ ന്യായീകരിച്ച് “ഇന്നത്തെ അന്തരീക്ഷം ദുഃഖവും വേദനയും നിറഞ്ഞതാണ്” എന്ന് പറഞ്ഞു.