ബൈക്കര്‍ ബ്യൂട്ടിയുടെ അവസാന യാത്ര പ്രിയ വാഹനത്തില്‍; ഓര്‍മ്മയായത് റഷ്യന്‍ ബൈക്കര്‍ തത്യാന ഓസോലിന

ബൈക്കര്‍ ബ്യൂട്ടി എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ തത്യാന ഓസോലിന തുര്‍ക്കിയിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചു. തത്യാന ഓസോലിനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റഷ്യന്‍ ബൈക്കറായ തത്യാനയ്ക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തത്യാനയുടെ ബൈക്കില്‍ മറ്റൊരു ടു വീലര്‍ സംഘം ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മോട്ടോ താന്യ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്ന തത്യാനയെ ഇന്‍സ്റ്റാഗ്രാമില്‍ 10 ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്നുണ്ട്.

യൂട്യൂബില്‍ തത്യാനയ്ക്ക് 20 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. തത്യാനയുടെ സഹയാത്രികനായ തുര്‍ക്കി ബൈക്കര്‍ ഒനുര്‍ ഒബട്ടിനും ഒപ്പമുണ്ടായിരുന്ന മറ്റൊരു ബൈക്കര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.