ട്രംപിന്റെ വരവില്‍ ആശങ്ക; കമല ഹാരിസിന് 50 മില്യണ്‍ ഡോളര്‍ നല്‍കി ബില്‍ ഗേറ്റ്‌സ്; മസ്‌ക് പൂര്‍ണമായും ട്രംപിനൊപ്പം; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടി ശതകോടീശ്വരന്‍മാര്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടി ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരും. ഇലോണ്‍ മസ്‌ക് ഡോണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ശതകോടീശ്വരന്‍മാര്‍ ചേരി തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന് 50 മില്യണ്‍ ഡോളര്‍ സംഭാവന വ്യവസായി ബില്‍ ഗേറ്റ്‌സ് നല്‍കി. ട്രംപിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനതുകയൊക്കെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

കമലയെ പിന്തുണക്കുന്ന സംഘടനക്കാണ് സംഭാവനയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്യമായി കമല ഹാരിസിനെ പിന്തുണച്ച് ബില്‍ഗേറ്റ്‌സ് രംഗത്തെത്തിയിട്ടില്ലെങ്കിലും ഡോണാള്‍ഡ് ട്രംപിനോട് അദ്ദേഹത്തിന് കടുത്ത എതിര്‍പ്പാണുള്ളത്.

Read more

സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ ഡോണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റാവുന്നതിലെ ആശങ്ക ബില്‍ഗേറ്റ്‌സ് പ്രകടിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ബില്‍ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ബില്‍&മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും ട്രംപ് അധികാരത്തിലെത്തുന്നതില്‍ ആശങ്കയുണ്ട്. ഇതുവരെ ശതകോടീശ്വരരായ 81 പേരാണ് കമല ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്.