ഭൂചലനം മുൻകൂട്ടി അറിഞ്ഞ് പക്ഷിമൃഗാദികൾ ; തുർക്കിയിൽ ഭൂചലനത്തിന് തൊട്ട് മുമ്പ് സംഭവിച്ചത്

വരാനിരിക്കുന്ന ദുരന്തങ്ങളെ മുൻകൂട്ടി അറിയാൻ മൃഗങ്ങൾക്ക് കഴിവുണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. ഈ വിശ്വാസം ശരിയാണെന്ന് തെളിയിക്കുകയാണ് തുർക്കിയിൽനിന്നും സിറിയയിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ. കഴിഞ്ഞ ആഴ്ചയാണ് ഏറ്റവും വിനാശകാരിയായി എത്തിയ തീവ്രതയേറിയ ഭൂചലനം തുർക്കിയെയും സിറിയയെയും പിടിച്ചുലച്ചത്. ദുരന്തം കെട്ടടങ്ങിയെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന തുർക്കിയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭൂചലനം നടക്കുന്നതിന് തൊട്ട് മുൻപ് പക്ഷികളുടെയും നായകളുടെയും വിചിത്ര ശബ്ദങ്ങളും പെരുമാറ്റവുമാണ് വിഡിയോയിൽ ഉള്ളത്.

https://twitter.com/Ksenia02110848/status/1624120996146946048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1624120996146946048%7Ctwgr%5E5e2066ae8f65dc86677867b8771ba40537b937f2%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fenvironment%2Fenvironment-news%2F2023%2F02%2F16%2Fvideo-reportedly-shows-birds-acting-strangely-prior-to-the-earthquake-in-turkey.html

തുർക്കിയിലെ ഒരു തെരുവിൽ നിന്ന് പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന ഒരു നായയാണ് ദൃശ്യങ്ങളിലൊന്നിൽ. രാത്രിയിൽ ഭൂചലനം സംഭവിക്കുന്നതിന് തൊട്ട് മുൻപുള്ള ഏതാനും മിനിറ്റുകൾക്ക് മുൻപാണ് നായ ഇത്തരത്തിൽ ശബ്ദമുണ്ടാക്കുന്നത്. ഭൂചലനം നടക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞതിനാൽ മുന്നറിയിപ്പായി ശബ്ദം ഉണ്ടാക്കിയതാകാമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ഭയന്നിട്ടാകാം ഇത്തരത്തിൽ ശബ്ദമുണ്ടാക്കിയതെന്നും ചിലർ പറയുന്നുണ്ട്. പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി അറിയാൻ മൃഗങ്ങൾക്ക് സാധിക്കാറുണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഈ കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം ഗവേഷകലോകം ഇക്കാര്യം പൂർണമായും തള്ളിക്കളഞ്ഞിട്ടുമില്ല. ഇതുകൊണ്ട് തന്നെയാണ് മൃഗങ്ങളിലും പക്ഷികളിലുമുണ്ടായ ഇത്തരം വിചിത്രമായ പെരുമാറ്റവും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ദൃശ്യങ്ങൾ ഭൂചലനത്തിന് മുൻപ് ചിത്രീകരിച്ചതാണോ എന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും വലിയ തോതിലാണ് ഈ ദൃശ്യങ്ങളെല്ലാം തന്നെ പങ്കുവെക്കപ്പെടുന്നത്.

https://twitter.com/soum_speaks/status/1622616341181247489?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622616341181247489%7Ctwgr%5E5e2066ae8f65dc86677867b8771ba40537b937f2%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fenvironment%2Fenvironment-news%2F2023%2F02%2F16%2Fvideo-reportedly-shows-birds-acting-strangely-prior-to-the-earthquake-in-turkey.html

Read more

തുർക്കി നഗരത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു വീഡിയോ ആണ് രണ്ടാമത്തേത്. മൃഗങ്ങളും പക്ഷികളും മനുഷ്യനേക്കാൾ പ്രകൃതിയോടിണങ്ങി ജീവിക്കുന്നു, തുർക്കിയിലെ വിനാശകരമായ ഭൂകമ്പത്തിന് മുൻപുള്ള പക്ഷികളുടെ പെരുമാറ്റം എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പക്ഷികൾ ആകാശത്ത് ചുറ്റും പറന്നു നടക്കുന്നതും ഒരു മരത്തിനു മുകളിൽ കൂട്ടം കൂടിയിരിക്കുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പക്ഷിമൃഗാദികളുടെ പെരുമാറ്റങ്ങളിലെ കാരണം കണ്ടെത്താൻ കഴിയാത്തതിനാൽ ശാസ്ത്രലോകം വളരെയധികം പ്രതീക്ഷയോടെയാണ് ഇത്തരത്തിലുള്ള നിരീക്ഷണങ്ങളെ കാണുന്നത്. ഭൂചലനം മുൻകൂട്ടി അറിയാനുള്ള സംവിധാനം ശാസ്ത്രത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഇതുവരെയുള്ള പഠനങ്ങളിൽ പല ജീവജാലങ്ങൾക്കും പല തരംഗങ്ങളെയും തിരിച്ചറിയാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇത്തരം ഭൗമ തരംഗങ്ങളിലെ മാറ്റങ്ങൾ മനസിലാക്കാനുള്ള കഴിവായിരിക്കാം ജീവികളെ ഭൂചലനം പോലെയുള്ള പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. കൂടാതെ വിഷയത്തിൽ പഠനം നടത്തി ജീവികളിലെ ഇത്തരം പെരുമാറ്റങ്ങളും ഭൂചലനവുമായി ബന്ധമുണ്ടോ എന്നറിയാനുള്ള ശ്രമത്തിലാണ് പഠന സംഘങ്ങൾ. ബന്ധമുണ്ടെങ്കിൽ അവ ഭൂചലനം മുൻകൂട്ടി അറിയാനുള്ള ഏതെങ്കിലും സാങ്കേതിക വിദ്യയുടെ നിർമാണത്തിന് സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.