ലോക സാമ്പത്തിക രംഗത്ത് കടുത്ത ആശങ്കകൾ പരത്തി ബിറ്റ്കോയിൻറെ മൂല്യത്തിൽ വെള്ളിയാഴ്ച വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ കേവലം 10 മണിക്കൂറിനുള്ളിൽ ഈ ഇന്റർനെറ്റ് അധിഷ്ഠിത കറൻസിയുടെ മൂല്യത്തിൽ 20 ശതമാനം ഇടിവുണ്ടായി. വ്യാഴാഴ്ച്ച ബിറ്റ്കോയിൻറെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമായ 19500 ഡോളർ രേഖപ്പെടുത്തിയ ശേഷം ഇന്നലെ 16000 ഡോളറിനു താഴേക്ക് കൂപ്പു കുത്തുകയായിരുന്നു. ഇതോടെ ഈ കറൻസിയിൽ കോടികൾ എറിഞ്ഞു വൻ തോതിൽ ഊഹക്കച്ചവടം നടത്തുന്ന ലോകമെമ്പാടുമുള്ള ഇടപാടുകാർ ശക്തമായ ആശങ്കയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ മൂല്യം കുതിച്ചുയരുകയായിരുന്നു. ബുധനാഴ്ചയോടെ ഒരു കോയിന്റെ മൂല്യം 15000 ഡോളർ കടന്നു. അമേരിക്കയിലെ ജി ഡി എ എക്‌സ് എക്‌സ്‌ചെഞ്ചിലാണ് മൂല്യത്തിൽ പ്രകടമായ ചാഞ്ചാട്ടമുണ്ടായത്. ബിറ്റ്കോയിൻറെ വ്യാപാരം തകൃതിയായ ലക്സമ്പർഗിലെ ബിറ്റ്സ്റ്റാമ്പിൽ 15900 ഡോളറാണ് ഇതിന്റെ മൂല്യം. ഇത് ഇടക്ക് 13482 ഡോളർ വരെ താഴ്ന്നതായി വിദഗ്‌ധർ പറഞ്ഞു. ഞായറാഴ്ച ചിക്കാഗോയിലെ ഗ്ലോബൽ മാർക്കറ്റ് എക്‌സ്‌ചേഞ്ചിൽ ബിറ്കോയിൻറെ അവധി വ്യാപാരം തുടങ്ങും. തുടർന്ന് സി എം ഇ ഗ്രൂപ് എന്ന സ്ഥാപനവും അവധി വ്യാപാരം ആരംഭിക്കും.
ബിറ്റ്‌കോയിനെ പിന്തുടർന്ന് ഇത്തരം മറ്റ് ക്രിപ്റ്റോ കറൻസികളും രംഗത്തെത്തിയിട്ടുണ്ട്. ഇതറിയം എന്നതാണ് വ്യാപാരത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്റർനെറ്റ് അധിഷ്ഠിത കറൻസി. ഇതിന്റെ മൂല്യം വെള്ളിയാഴ്ച 8 ശതമാനം കൂടി.
ഈ വർഷം ജനുവരിക്കു ശേഷം ബിറ്റ്കോയിൻറെ മൂല്യത്തിൽ 1500 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഒക്ടോബറിൽ മാത്രം മൂന്ന് ഇരട്ടി വർധന രേഖപ്പെടുത്തി. ഇതാണ് ഇപ്പോൾ വലിയ തോതിൽ തകർന്നടിഞ്ഞത്.
ഇന്ത്യയിൽ ഇത്തരം ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് അംഗീകാരം നൽകിയിട്ടില്ല. എന്നാൽ ഇവിടെയും കോടികൾ ഇതിൽ മുടക്കിയവരുണ്ടെന്നാണ് റിപോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം നിക്ഷേപകർക്ക് റിസർവ് ബാങ്ക് ,മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.