പാകിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, 45ലേറെ പേർക്ക് പരുക്ക്

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 45ലേറെ പേർക്ക് പരുക്കേറ്റു. സ്ഫോടനം നടന്ന പ്ലാറ്റ്ഫോമിൽ നൂറിലേറെ പേരുണ്ടായിരുന്നു. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ബലൂച് ലിബറേഷൻ ആർമി പ്രവർത്തകനാണ് ചാവേറായി എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

പെഷവാറിലേക്കുള്ള ട്രെയിനുകൾ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടെയായിരുന്നു സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തതായി ക്വറ്റ ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കി. ബലൂച് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ നേരത്തേയും പാകിസ്ഥാനിൽ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Read more

സുരക്ഷാസേനയെ മേഖലയിലേക്ക് അയച്ചതായി ബലൂചിസ്ഥാൻ സർക്കാർ പ്രതിനിധി അറിയിച്ചു. സ്ഫോടന സ്ഥലത്ത് നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണ്. ഇതിന് ശേഷം മാത്രമെ അപകടത്തിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂ എന്ന് സർക്കാർ പ്രതിനിധി വ്യക്തമാക്കി.