അപ്പീല്‍ തള്ളി; യുദ്ധകുറ്റവാളി കോടതി മുറിയില്‍ വിഷം കഴിച്ചു മരിച്ചു

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്‌നിയന്‍ കമാന്‍ഡര്‍ വിഷം കഴിച്ചു മരിച്ചു. യുദ്ധക്കുറ്റത്തിന് 20 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ ഐക്യരാഷ്ട്ര സംഘടന  ട്രൈബ്യൂണല്‍ തള്ളിയതിനെ തുടര്‍ന്നു ബോസ്‌നിയന്‍ സൈന്യത്തിലെ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ ജീവനൊടുക്കിയത്.

1990കളില്‍ പഴയ യുഗോസ്ലാവിയയിലെ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കി എന്നതായിരുന്നു പ്രല്‍ജക്കിനെതിരായ കുറ്റം. യുദ്ധക്കുറ്റക്കോടതിയുടെ വിധിയിലെ ചില ഭാഗങ്ങള്‍ ട്രൈബ്യൂണല്‍ അധ്യക്ഷനായ ജഡ്ജി കാര്‍മല്‍ ഏജിയസ് ഒഴിവാക്കിയെങ്കിലും വിധി റദ്ദാക്കിയില്ല. തുടര്‍ന്ന് പ്രല്‍ജക്ക് താന്‍ നിരപരാധിയെന്ന് പറഞ്ഞുകൊണ്ട് കൈയില്‍ കരിതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

2013 ലാണ് പ്രല്‍ജക്കിനെ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ബോസ്‌നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറു സൈനിക-രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രല്‍ജക്ക്.