ലോകത്ത് കോവിഡ് മഹാമാരി ഭീതി പടർത്തുന്ന സാഹചര്യത്തില്‍ ബ്രസീലിലെ ആരോഗ്യമന്ത്രിയെ പുറത്താക്കി പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. ആരോഗ്യമന്ത്രിയായ ലൂയിസ് ഹെന്റിക് മന്‍ഡെറ്റയെയാണ് ബൊല്‍സനാരോ പുറത്താക്കിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നതകളാണ് പുറത്താക്കലിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളുടെ പേരില്‍ ഡോക്ടറായ മന്‍ഡെറ്റയ്ക്ക് രാജ്യത്ത് ഏറെ പിന്തുണയുണ്ട്. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന ഗവര്‍ണമാര്‍ മുഖേന അദ്ദേഹം നടപ്പാക്കിയ കര്‍ശന ഐസൊലേഷന്‍ നടപടികള്‍ ഏറെ അംഗീകരിക്കപ്പെട്ടിരുന്നു. മന്‍ഡെറ്റയ്ക്ക് കിട്ടുന്ന ജനപ്രീതിയില്‍ ബൊല്‍സൊനാരോ അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനായി ലോക്ക്ഡൗണ്‍ പോലുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ബൊല്‍സൊനാരോയ്ക്ക് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്. കോവിഡ് 19-നെ ഒരു “ലിറ്റില്‍ ഫ്ളൂ” (ചെറിയ പനി) എന്നാണ് ബൊല്‍സൊനാരോ വിശേഷിപ്പിച്ചത്. അടച്ചിടല്‍ പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കുമെന്നായിരുന്നു ബൊല്‍സൊനാരോയുടെ നിലപാട്. മാത്രമല്ല, മലേറിയയ്ക്കുള്ള മരുന്ന് കൊറോണയ്ക്ക് ഫലപ്രദമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
മന്‍ഡെറ്റയുമായുള്ള അസ്വാരസ്യം മുമ്പ് പലതവണ ബൊല്‍സൊനാരോ പ്രകടിപ്പിച്ചിരുന്നു. മന്‍ഡെറ്റ തന്നിഷ്ടക്കാരനാണെന്നും അങ്ങനെയുള്ളവരെ തന്റെ മന്ത്രിസഭയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അടുത്തിടെ ബൊല്‍സൊനാരോ പ്രസ്താവിച്ചിരുന്നു. മന്‍ഡെറ്റയെ പുറത്താക്കുമെന്ന കാര്യം ഉറപ്പായതിനെ തുടര്‍ന്ന് മന്‍ഡെറ്റയുടെ സെക്രട്ടറിയും പ്രശസ്ത സാംക്രമികരോഗ വിദഗ്ധനുമായ വാന്‍ഡേഴ്‌സണ്‍ ഡി ഒലിവേര കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യമായ ബ്രസീലില്‍ 30,000-ല്‍ അധികം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. രണ്ടായിരത്തോളം മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.