ബ്രെക്‌സിറ്റ് ഉടമ്പടി: 5000 കോടി യൂറോ നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് ബ്രിട്ടന്‍

വന്‍ തുക നഷ്ടപരിഹാരമായി നല്‍കി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാനൊരുങ്ങി ബ്രിട്ടന്‍. നഷ്ടപരിഹാരമായി നല്‍കേണ്ട തുകയെ (ഡൈവേഴ്‌സ് ബില്‍) സംബന്ധിച്ച തര്‍ക്കമാണു ചര്‍ച്ചകള്‍ക്കു പ്രധാന തടസമായിരുന്നത്. ആറു വട്ടം ഇരുകൂട്ടരും ചര്‍ച്ച നടത്തിയിട്ടും ഇക്കാര്യത്തില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് ആദ്യം മുന്നോട്ടുവച്ച തുകയുടെ ഇരട്ടിയിലേറെ വാഗ്ദാനം ചെയ്ത് ബ്രിട്ടന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായത്.

നഷ്ടപരിഹാരത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നായിരുന്നു തുടക്കത്തില്‍ ബ്രിട്ടന്റെ നിലപാട്. പിന്നീട് 18 ബില്യണ്‍ പൗണ്ട് വാഗ്ദാനം ചെയ്‌തെങ്കിലും ചര്‍ച്ചകള്‍ പാതിവഴിയിലായി. ഏറ്റവും ഒടുവില്‍ 50 ബില്യണ്‍ യൂറോയ്ക്കു സമാനമായ 44 ബില്യണ്‍ പൗണ്ടാണ് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തതെന്നു ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. മറ്റു ചെലവുകള്‍ എല്ലാം കൂട്ടി തുക 55 ബില്യണ്‍ യൂറോയായി (50 ബില്യണ്‍ പൗണ്ട്) ഉയരാനുള്ള സാധ്യതയും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മിഷേല്‍ ഗാര്‍ണിയറുടെ പ്രതികരണം. ബ്രിട്ടീഷ് സര്‍ക്കാരോ പ്രധാനമന്ത്രിയുടെ ഓഫീസോ പുതിയ വാഗ്ദാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയനുമായി സുഖമമായ വ്യാപാര ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള കരാറാണു ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് യൂണിയന്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത് മൂന്ന് ഉപാധികളാണ്. അതില്‍ പ്രധാനപ്പെട്ടതാണ് മാന്യമായ നഷ്ടപരിഹാരത്തുക.

ബ്രിട്ടനില്‍ നിലവിലുള്ള യൂറോപ്യന്‍ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചുള്ളതാണു രണ്ടാമത്തെ തര്‍ക്കം. നിലവിലുള്ളവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാറിന് എതിര്‍പ്പില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച തര്‍ക്കമാണു മൂന്നാമത്തേത്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി പൂര്‍ണമായും കെട്ടിയടക്കുന്നതിനോട് യൂറോപ്യന്‍ യൂണിയനു യോജിപ്പില്ല.

ചരിത്രപരമായും സാംസ്‌കാരികമായും മതപരമായും ഇരുജനതയും തമ്മിലുള്ള അടുപ്പം നിലനിര്‍ത്താന്‍ ഇവര്‍ക്കിടയില്‍ നിയന്ത്രണങ്ങളില്ലാത്ത സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാണു യൂണിയന്റെ നിലപാട്. എന്നാല്‍ ഈ പഴുതിലൂടെ അഭയാര്‍ഥികളും മറ്റ് രാജ്യക്കാരും അനധികൃതമായി കുടിയേറുമെന്നാണു ബ്രിട്ടന്റെ വാദം. നഷ്ടപരിഹാരത്തുക ഏറെക്കുറെ സ്വീകാര്യമായ രീതിയില്‍ ഉയര്‍ത്തിയതിനാല്‍ മറ്റ് രണ്ട് വിഷയങ്ങളിലും ബ്രിട്ടന് അനുകൂലമായ തീരുമാനമെടുക്കാന്‍ യൂണിയന്‍ തയാറായേക്കും.